ഭോപ്പാൽ : മദ്ധ്യപ്രദേശിൽ രണ്ടാഴ്ചയിലേറെയായി ഭീതി പടർത്തിയ ഹനുമാൻ കുരങ്ങ് പിടിയിൽ. പിടികൂടിയാൽ 21,000 രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച ഹനുമാൻ കുരങ്ങിനെയാണ് അതിസാഹസികമായി പിടികൂടിയത്. മദ്ധ്യപ്രദേശിലെ രാജ്ഗഡിലാണ് സംഭവം.
രണ്ടാഴ്ചയോളം കാലം ഇത് നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. എട്ട് കൂട്ടികൾ ഉൾപ്പെടെ 20 ഓളെ പേരെയാണ് ഹനുമാൻ കുരങ്ങ് ആക്രമിച്ചത്. വീടിന് മുകളിലും ജനലിലും കയറിയിരുന്ന് വഴിയിലൂടെ പോകുന്നയാളുടെ നേർക്ക് പെട്ടെന്ന് ചാടിയാണ് ആക്രമണം നടത്തിയിരുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആക്രമണത്തിൽ പ്രദേശവാസികൾ പൊറുതിമുട്ടിയതോടെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു.
മുൻസിപാലിറ്റിക്ക് കുരങ്ങിനെ പികൂടാനുളള സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാൽ ജില്ലാ കളക്ടറെ വിവരം അറിയിച്ചു. തുടർന്ന് ഉജ്ജെയിനിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. മുൻസിപാലിറ്റി ജീവനക്കാരുടെയും ജനങ്ങളുടെയും സഹായത്തോടെ നാല് മണിക്കൂറെടുത്താണ് കുരങ്ങിനെ പിടികൂടിയത് എന്ന് രാജ്ഗഡ് മുൻസിപ്പൽ കോർപറേഷൻ ചെയർമാൻ വിനോദ് സാഹു അറിയിച്ചു. കുരങ്ങിനെ കൊടും വനത്തിൽ കൊണ്ടുപോയി വിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
Discussion about this post