തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരള തീരത്ത് സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുന്നത്. വരും ദിവസങ്ങളിലും കേരളത്തിൽ സമാന കാലാവസ്ഥ തുടരും.
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർ മഴയാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയ ജില്ലകളിൽ ലഭിക്കുക.
നാളെ എറണാകുളം,കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ മറ്റെന്നാൾ യെല്ലോ അലർട്ടാണ്.
അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുണ്ട്. ന്യൂനമർദ്ദം രൂപം കൊണ്ടാൽ അതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപമാണ് ന്യൂനമർദ്ദത്തിന് സാദ്ധ്യതയുള്ളത്.
Discussion about this post