കൊച്ചി: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ബ്രാൻഡായി സർക്കാർ കൊട്ടിഘോഷിക്കുന്ന കോക്കോണിക്‌സ് റീലോഞ്ചിന് ഒരുങ്ങുന്നു. ജൂലൈ മാസത്തിൽ റീലോഞ്ച് ഉണ്ടാകുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. നാല് പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനാണ് കോക്കോണിക്‌സ് ഒരുങ്ങുന്നതെന്നാണ് മന്ത്രിയുടെ അവകാശവാദം.
വ്യവസായവകുപ്പിന് കീഴിലുള്ള കെൽട്രോൺ, കെ.എസ്.ഐ.ഡി.സി എന്നീ സ്ഥാപനങ്ങൾക്കൊപ്പം പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബലും ചേർന്നുള്ള കമ്പനിയായ കോക്കോണിക്‌സ് നേരത്തെ പുറത്തിറക്കിയ ഏഴ് മോഡലുകൾക്ക് പുറമേയാണ് പുതിയ നാല് മോഡലുകൾ കൂടി അവതരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇതിൽ 2 മോഡലുകൾ കെൽട്രോണിന്റെ പേരിലായിരിക്കും വിപണിയിൽ ഇറക്കുക. ഒന്ന് മിനി ലാപ്‌ടോപ്പാണ്. എല്ലാ മോഡലുകൾക്കും ബിഐഎസ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. 2019 ൽ ഉൽപാദനം ആരംഭിച്ച ശേഷം ഇതിനകം 12500 ലാപ്‌ടോപ്പുകൾ കോക്കോണിക്‌സ് വിൽപന നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആമസോൺ, ഫ്‌ളിപ്കാർട്ട്, സ്‌നാപ് ഡീൽ തുടങ്ങിയ ഇ-കോമേഴ്‌സ് പോർട്ടലുകൾ വഴിയും ലാപ്‌ടോപ്പുകൾ വാങ്ങാം. 2019 ൽ രൂപീകരിച്ച കോക്കോണിക്‌സ് നിലവിൽ ലാപ്ടോപ്പുകൾക്ക് പുറമേ മിനി പിസി, ഡെസ്‌ക്ടോപ്പുകൾ, സെർവ്വറുകൾ, ടാബ്ലറ്റുകൾ എന്നിവയും ഉൽപാദിപ്പിക്കുന്നുണ്ട്.
പ്രതിവർഷം 2 ലക്ഷം ലാപ് ടോപ്പുകൾ ഉൽപാദിപ്പിക്കാനുള്ള ശേഷി മൺവിളയിലെ പ്‌ളാന്റിനുണ്ട്. ഐ.എസ്.ഒ സർട്ടിഫിക്കേഷനും കമ്പനിക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു.












