ന്യൂഡൽഹി: ഡൽഹി ഓർഡിനൻസുമായി ബന്ധപ്പെട്ട് പാർട്ടി സഹായം തേടിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് അജയ് മാക്കൻ. കെജ്രിവാളിന്റേത് അഴിമതിക്കേസുകളിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അജയ് മാക്കൻ പറഞ്ഞു. ” കെജ്രിവാൾ പ്രതിപക്ഷ ഐക്യത്തെ ബഹുമാനിക്കുന്നില്ല. പ്രതിപക്ഷ സഖ്യത്തെ അട്ടിമറിച്ച് ബിജെപിയെ അനുകൂലിക്കാനുള്ള കണക്കുകൂട്ടലിലാണ് അയാൾ. ഓർഡിനൻസിന് വേണ്ടി കോൺഗ്രസിന്റെ സഹായം തേടിയിട്ട്, അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും ഉൾപ്പെടയുള്ള നേതാക്കളെ കെജ്രിവാൾ പരിഹസിക്കുകയാണെന്നും” അജയ് മാക്കൻ പറഞ്ഞു.
കെജ്രിവാൾ തങ്ങളുടേ നേതാക്കളേയും പ്രവർത്തകരേയും പരസ്യമായി അധിക്ഷേപിക്കുകയാണ്, എന്നിട്ട് അവരുടെ സഖ്യത്തിലുള്ള മന്ത്രിമാർ സഖ്യത്തിന് വ്യവസ്ഥകൾ വയ്ക്കുകയാണെന്നും മാക്കൻ പരിഹസിച്ചു. ” കൂടെയുള്ളവരുടെ പിന്തുണ നേടാൻ ഇങ്ങനെയാണോ ചെയ്യണ്ടത്. കെജ്രിവാളിന്റെ രാഷ്ട്രീയ നീക്കങ്ങൾ പലപ്പോഴും അമ്പരപ്പിക്കുന്നുണ്ട്. അഴിമതിക്കുരുക്കിൽ പെട്ട് ജയിലിൽ കഴിയുന്ന തന്റെ സഹപ്രവർത്തകരെ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങളാണ് കെജ്രിവാൾ ഇപ്പോൾ നടത്തുന്നത്.
പ്രതിപക്ഷ ഐക്യത്തെ കുറിച്ച് കെജ്രിവാൾ നടത്തുന്ന പ്രഖ്യാപനങ്ങൾ ഒരിക്കലും യോജിപ്പിന് വേണ്ടിയുള്ളതല്ല. മറിച്ച് അത് അട്ടിമറിക്കാനും ബിജെപിയെ അനുകൂലിക്കാനുമുള്ള കണക്കൂകൂട്ടലുകളാണ്. കെജ്രിവാളിന്റെ വഞ്ചനയുടെ കണക്കുകൾ പ്രസിദ്ധമാണ്. പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ്, എഎപിയുടെ സ്ഥാപകർ എന്നിവരോട് ചോദിച്ചാൽ അതിന്റെ കണക്കുകൾ അറിയാം. ഗോവ, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ഡ്, അസം എന്നിവിടങ്ങളിൽ കോൺഗ്രസിനെ അട്ടിമറിക്കാൻ ബിജെപിയെ സഹായിച്ച കെജ്രിവാളിനെ ആരും മറക്കില്ലെന്നും” മാക്കൻ വിമർശിച്ചു.
Discussion about this post