ശ്രീനഗർ: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വ്യാപക പരിശോധന നടത്തി എൻഐഎ. നാല് ജില്ലകളിലെ വിവിധയിടങ്ങളിലാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് നിർണായക രേഖകൾ എൻഐഎ കണ്ടെടുത്തിട്ടുണ്ട്.
പാകിസ്താൻ ഭീകര സംഘടനയുമായി ചേർന്ന് കശ്മീരിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎ പരിശോധന നടത്തുന്നത്. കുൽഗാം, ബന്ദിപ്പോര, ഷോപിയാൻ, പുൽവാമ എന്നീ ജില്ലകളിലെ 12 ഇടങ്ങളിലാണ് പരിശോധന. പാക് ഭീകര സംഘടനയുമായി ബന്ധമുള്ളവർ, ഭീകരരെ സഹായിക്കുന്നവർ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആയിരുന്നു പരിശോധന.
നിരവധി ഡിജിറ്റൽ തെളിവുകളും പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്. പെൻഡ്രൈവുകൾ,ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഭീകരാക്രമണത്തിനായി ബോംബ് നിർമ്മാണം, ആയുധക്കടത്ത്, ലഹരിക്കടത്ത് എന്നിവയിൽ ഭീകരർക്കുള്ള പങ്കും എൻഐഎ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്.
Discussion about this post