ഭോപ്പാൽ: ബിജെപിയുടെ കരുത്ത് സ്വന്തം പ്രവർത്തകരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭോപ്പാലിൽ ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ രാജ്യത്തെ ഏറ്റവും വലിയ ശക്തിയാക്കിയതിന് പിന്നിൽ പ്രവർത്തകരുടെ അധ്വാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി എന്ന പാർട്ടിയുടെ കരുത്ത് പ്രവർത്തകരാണ്. താഴേക്കിടയിലെ ജനങ്ങൾക്കിടയിൽ ചെന്ന് പ്രവർത്തിക്കുന്നവരാണ് നമ്മുടെ പ്രവർത്തകർ. ഈ പ്രവർത്തനങ്ങളാണ് ബിജെപിയെ രാജ്യത്തെ ഏറ്റവും വലിയ ശക്തിയാക്കി ബിജെപിയെ മാറ്റിയത്. പ്രവർത്തകരെ കാണാൻ അവസരം ഒരുക്കി തന്നതിന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയോട് നന്ദി പറയുന്നു. ആദ്യമായാണ് വെർച്വലായി ഇത്രയും വലിയ പാർട്ടി പരിപാടി നടക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപിയെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാക്കിയതിൽ മദ്ധ്യപ്രദേശിന് വലിയൊരു പങ്കുണ്ട്. എസി മുറിയിൽ ഇരുന്നുകൊണ്ട് ഫത്വകൾ പുറപ്പെടുവിക്കുന്നവർ അല്ല നമ്മുടെ പ്രവർത്തകർ. ജനങ്ങൾക്കിടയിൽ രാപ്പകൽ ഇല്ലാതെ പ്രവർത്തിക്കുന്നവരാണ് നമ്മുടെ പ്രവർത്തകർ എന്നും പ്രധാനമന്ത്രി പറഞ്ഞു.
10 ലക്ഷം ബൂത്ത് തല പ്രവർത്തകരെ ആണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. നമോ ആപ്പ് വഴി ജെപി നദ്ദയാണ് ഇവരെ തിരഞ്ഞെടുത്തത്. അടുത്ത പത്ത് ദിവസം സംസ്ഥാനത്ത് വിവിധ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെടും. ശേഷം അനുഭവങ്ങൾ നേതൃത്വവുമായി പങ്കുവയ്ക്കും.
Discussion about this post