ആലപ്പുഴ : വ്യാജ സർട്ടിഫിക്കേറ്റ് കേസ് പ്രതി നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി കേരള സർവകലാശാല. സർട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെൽ രൂപീകരിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സർട്ടിഫിക്കറ്റുകളും പരിശോധിക്കും.
കായംകുളം എംഎസ്എം കോളേജ് അധികാരികളെ വിളിച്ചു വരുത്തും. രജിസ്ട്രാറും പരീക്ഷ കൺട്രോളറും അടങ്ങുന്ന സമിതി ഹിയറിങ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. കേരള സർവകലാശാല സിന്റികേറ്റിന്റേതാണ് നിർണായക തീരുമാനം.
കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റ് നിഖിലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ബികോം ഫസ്റ്റ് ക്ലാസിൽ പാസായെന്ന വ്യാജ മാർക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.
അതേസമയം കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിഖിൽ തോമസിനെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ സഹായിച്ചത് എസ് എഫ് ഐ മുൻ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ അബിൻ ആയിരുന്നു. കള്ള സർട്ടിഫികറ്റ് ഉണ്ടാക്കി നൽകി വ്യാജബിരുദം തരപ്പെടുത്താൻ സഹായിച്ച അബിൻ സി രാജിനെ മാലിദ്വീപ് സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മാലിദ്വീപിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. മാലി ഭരണകൂടം അബിന്റെ സിമ്മും വർക്ക് പെർമിറ്റും റദ്ദാക്കിയിട്ടുണ്ട്.
Discussion about this post