തിരുവനന്തപുരം: പത്തുവയസുകാരനെ വൈദികൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ വൈദികനായി പോലീസ് അന്വേഷണം ആരംഭിച്ചു. രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്താണ് വൈദികൻ വീട്ടിലെത്തി പത്ത് വയസുകാരനോട് ലൈംഗികാതിക്രമം നടത്തിയത്. ഇന്നലെ വൈകീട്ട് ആറോടെ അടിമലത്തുറയിലാണ് സംഭവം.
മാതാപിതാക്കൾ ജോലി കഴിഞ്ഞ് വന്ന ശേഷം കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതോടെ മാതാപിതാക്കൾ കാര്യം തിരക്കുകയും കുട്ടി സംഭവം വെളിപ്പെടുത്തുകയുമായിരുന്നു. പിന്നാലെ മാതാപിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.എന്നാൽ കുട്ടി നൽകിയ മൊഴിയിൽ ഏത് വൈദികനാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്നാണ് വിഴിഞ്ഞം പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം പള്ളുരുത്തിയിൽ കുർബാനയ്ക്ക് എത്താതിരുന്ന ഒരു വൈദികനെ യുവാക്കൾക്കൊപ്പം പള്ളിമേടയിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. സുഖമില്ലെന്ന കാരണം പറഞ്ഞ് വൈദികൻ കുർബാന ഒഴിവാക്കുകയായിരുന്നു. എന്നാൽ വിശ്വാസികൾ പരിശോധന നടത്തിയപ്പോൾ വികാരി മദ്യപിച്ച് മൂന്ന് യുവാക്കൾക്കൊപ്പം കിടക്കുന്നത് കണ്ടു. തുടർന്ന് കണ്ണമാലി പോലീസെത്തി ഇവരെ പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.
Discussion about this post