തൃശൂർ : മുഴം കണക്കിൽ മുല്ലപ്പൂ വിറ്റതിന്റെ പേരിൽ തൃശൂരിലെ പൂക്കടയ്ക്ക് പിഴയിട്ട് ലീഗൽ മെട്രോളജി വകുപ്പ്. തൃശൂർ കിഴക്കേ കോട്ടയിലെ പൂക്കടയ്ക്കാണ് 2,000 രൂപ പിഴയിട്ടത്. മുഴം എന്നത് അളവുകോൽ അല്ലെന്നും ലീഗൽ മെട്രോളജി വകുപ്പ് പറഞ്ഞു.
മൂല്ലപ്പൂമാല സെന്റീമീറ്റർ, മീറ്റർ എന്നിവയിലാണ് അളക്കേണ്ടത്. പൂവാണെങ്കിൽ ഗ്രാമിലും കിലോഗ്രാമിലും അളക്കാം. എന്നാൽ പതിവായി മുഴം അളവിലാണ് മുല്ലപ്പൂ വിൽക്കുന്നത്. കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം. അപ്പോൾ ആളുകളുടെ കൈയ്ക്ക് അനുസരിച്ച് പൂമാലയുടെ വലിപ്പവും മാറും.
മുഴം കണക്കിൽ വിൽപ്പന നടത്തുമ്പോൾ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുകയാണ്. ഇതാണ് നടപടിയെടുക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരണങ്ങളെത്തുന്നുണ്ട്.












