ലക്‌നൗ: ഉത്തർപ്രദശിൽ ബക്രീദിന് ബലി നൽകാൻ എത്തിച്ച പോത്ത് വിരണ്ടോടി. മൊറാദാബാദിലായിരുന്നു സംഭവം. വിരണ്ടോടിയ പോത്തിന്റെ പരാക്രമം നിറഞ്ഞ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബലി നൽകാൻ ദൂരെ നിന്ന് ട്രക്കിലാണ് കൂറ്റൻ പോത്തിനെ എത്തിച്ചത്. ട്രക്ക് തുറന്ന് പുറത്തേക്ക് ഇറക്കാൻ ശ്രമിക്കുന്നതിനിടെ പോത്ത് വിരണ്ട് ഓടുകയായിരുന്നു. പോത്തിനെ കാണാൻ നിരവധി പേരാണ് ട്രക്കിന് ചുറ്റും കൂടിനിന്നിരുന്നത്. പോത്ത് വിരണ്ടതോടെ ഇവർ നാല് പാടും ചിതറിയോടി. കണ്ണിൽ കണ്ടവരെ പോത്തും വിരട്ടിയോടിച്ചു. ഇതിനിടെ നിരവധി പേർ നിലത്ത് വീണു. ഇവർക്ക് പരിക്കേറ്റിട്ടുണ്ട്.
വഴിയിൽ കണ്ട വാഹനങ്ങൾ പോത്ത് കുത്തി താഴെയിട്ടു. കയറിൽ പിടിക്കാൻ അടുത്ത് ചെന്നവരെ പോത്ത് കുത്താൻ ശ്രമിക്കുകയായിരുന്നു. മണിക്കൂറുകളോളമാണ് പ്രദേശത്ത് പോത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിന്നീട് വളരെ പാടുപെട്ട് പോത്തിനെ പിടികൂടുകയായിരുന്നു.
Discussion about this post