യുഎഇ: സൗദിയുടെ തീരദേശ നഗരമായ ജിദ്ദയിലെ യുഎസ് കോൺസുലേറ്റലിന് നേരെ ആക്രമണം. ഇന്നലെ വൈകീട്ടോടെയുണ്ടായ ആക്രമണത്തിൽ രണ്ട് മരണം. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും തോക്കുധാരിയുമാണ് കൊല്ലപ്പെട്ടത്. അജ്ഞാതരാണ് ആക്രമണം നടത്തിയത്. കാറിലെത്തിയ അക്രമികൾ കോൺസുലേറ്റിന് നേരെ നിറയൊഴിക്കുകയായിരുന്നു.കോൺസുലേറ്റിന് പുറത്ത് നടന്ന വെടിവയ്പ്പിൽ അമേരിക്കക്കാർക്ക് ആർക്കും പരിക്കില്ലെന്നും കോൺസുലേറ്റ് അടച്ചതായും ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
നേപ്പാൾ വംശജനാണ് കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥനെന്നാണ് വിവരം.മരിച്ച സുരക്ഷാ അംഗത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഞങ്ങൾ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. സൗദി സൈന്യമാണ് അക്രമിയെ വധിച്ചത്. അന്വേഷണം ആരംഭിച്ചതിനാൽ അമേരിക്ക രാജ്യവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ജിദ്ദയിൽ നിന്ന് 70 കിലോമീറ്റർ (44 മൈൽ) അകലെയുള്ള പുണ്യനഗരമായ മക്കയിൽ വാർഷിക ഹജ്ജ് തീർത്ഥാടനത്തിനായി 1.8 ദശലക്ഷം ഇസ്ലാം മത വിശ്വാസികളെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്.
ഇതിന് മുൻപും ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു. 2016 ൽ ഒരു ചാവേറാണ് ആക്രമണം നടത്തിയത്. 2004 ലെ മറ്റൊരു ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.












