കൊച്ചി : വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റ് കേസിൽ പ്രതിയായ മുൻ എസ്എഫ്‌ഐ നേതാവ് നിഖിലിന്റെ വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയ ഏജൻസി ഉടമ പിടിയിൽ. കൊച്ചിയിലെ ഓറിയോൺ ഏൻസി ഉടമ സജുവാണ് പിടിയിലായത്. പാലാരിവട്ടത്തെ വീടിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
ബികോ ഡിഗ്രി ഉൾപ്പെടെ ഇയാൾ അഞ്ച് രേഖകൾ വ്യാജമായി ഉണ്ടാക്കിയെന്ന് പോലീസ് അറിയിച്ചു. മാർക്ക് ലിസ്റ്റ്, ടിസി, മൈഗ്രേഷൻ, പ്രൊഫഷണൽ സർട്ടിഫിക്കേറ്റ് എന്നിവയാണ് ഇയാൾ ഉണ്ടാക്കിയത്. മറ്റ് വിദ്യാർത്ഥികൾക്ക് വേണ്ടിയും ഇയാൾ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയോ എന്ന് അന്വേഷിച്ചുവരികയാണ്.
വ്യാജ ബിരുദ സർട്ടിഫിക്കേറ്റുമായി ബന്ധപ്പെട്ട് നിഖിൽ തോമസിനെയും അബിൻ സി രാജിനെയും പോലീസ് പിടികൂടിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പാലാരിവട്ടത്തെ ഓറിയോൺ കമ്പനിയിൽ നിന്നാണ് വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് നിർമ്മിച്ചത് എന്ന് കണ്ടെത്തി. തുടർന്ന് ഓറിയോൺ എഡ്യു വിങ്‌സ് നേരത്തെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. രണ്ടുവർഷത്തോളമായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നില്ല












