ചെന്നൈ : തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ നടപടി മരവിപ്പിച്ച് ഗവർണർ ആർവി രവി. ബാലാജി വകുപ്പ് ഇല്ലാ മന്ത്രിയായി തുടരും. അറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കിയതായി ഗവർണർ അറിയിച്ചിരുന്നു. ജോലിക്ക് കോഴ വാങ്ങിയെന്ന കേസും കള്ളപ്പണം വെളുപ്പിക്കലുമടക്കമുളള ആരോപങ്ങൾ നേരിടുന്ന വ്യക്തി മന്ത്രിസഭയിൽ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കും. ഈ സാഹചര്യത്തിലാണ് ഗവർണർ സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് അടിയന്തര പ്രാബല്യത്തിൽ പിരിച്ചുവിട്ടത് എന്നാണ് ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.
മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിയാലോചന നടത്താതെയായിരുന്നു ഗവർണറുടെ തീരുമാനം. ഈ സാഹചര്യത്തിൽ ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എംകെ സ്റ്റാലിനും അറിയിച്ചിരുന്നു.
ഈ മാസം ആദ്യമാണ് ജോലിക്ക് കോഴ വാങ്ങിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി ജൂലൈ 12 വരെ നീട്ടിയിരിക്കുകയാണ്.
Discussion about this post