ന്യൂഡൽഹി: ബീഹാറിൽ നിതീഷ് കുമാർ ആർജെഡിയുമായി കൈകോർത്ത തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ കബളിപ്പിക്കുകയായിരുന്നുവെന്നും അമിത് ഷാ പരിഹസിച്ചു. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ഇതുപോലെ മാറിക്കൊണ്ടിരിക്കുന്ന ഒരാളെ ഒരു രീതിയിലും വിശ്വസിക്കാൻ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനം നോട്ടമിട്ടിരിക്കുന്ന ഒരാളാണ്. പക്ഷേ അദ്ദേഹം ഒരിക്കലും പ്രധാനമന്ത്രിയാകാൻ പോകുന്നില്ല എന്നതാണ് വാസ്തവം. അയാൾ ലാലു പ്രസാദ് യാദവിനെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. അടുത്ത തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ തേജസ്വി യാദവ് നേതൃത്വം നൽകുമെന്നത് നിതീഷ് കുമാറിന്റെ വെറും വാഗ്ദാനം മാത്രമാണെന്നും അമിത് ഷാ വിമർശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളേയും അദ്ദേഹം പ്രശംസിച്ചു. രാജ്യത്തെ ജനങ്ങൾക്കാകെ ലഭിച്ച ബഹുമതിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ കാണാനായതെന്ന് അദ്ദേഹം പറഞ്ഞു. ഉറി സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം നടന്ന സർജിക്കൽ സ്ട്രൈക്കിനെകുറിച്ചും ബാലാകോട്ട് വ്യോമാക്രമണത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. മൻമോഹൻ സിംഗിന്റെ കാലത്ത് ഉണ്ടായിരുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സർക്കാരാണ് ഇപ്പോൾ അധികാരത്തിൽ ഉള്ളതെന്നും, അതുകൊണ്ട് തന്നെ പാകിസ്താന് ശക്തമായ തിരിച്ചടി നൽകിയെന്നും അദ്ദേഹം പറയുന്നു
Discussion about this post