ഷിംല : കേന്ദ്ര സർക്കാരിന്റെ ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി കോൺഗ്രസ് മന്ത്രി രംഗത്ത്. പാർട്ടി താത്പര്യങ്ങൾക്ക് വിരുദ്ധമായി ഹിമാചൽ പ്രദേശ് പിഡബ്ല്യുഡി മന്ത്രി വിക്രമാദിത്യ സിംഗാണ് ഏകീകൃത സിവിൽ കോഡിന് പൂർണ്ണ പിന്തുണ നൽകിയത്. ഇന്ത്യയുടെ ഐക്യത്തിന് ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ആവശ്യമായ ഏകീകൃത സിവിൽ കോഡിനെ ഞാൻ പൂർണ്ണമായി പിന്തുണയ്ക്കുന്നു, പക്ഷേ അത് രാഷ്ട്രീയവത്കരിക്കരുത്’ കോൺഗ്രസ് നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.
ഒമ്പത് വർഷമായി പാർലമെന്റിൽ പൂർണ ഭൂരിപക്ഷം ലഭിച്ചപ്പോൾ എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നിയമം നടപ്പാക്കാത്തിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കേ എന്തിനാണ് ഇതിനെ കുറിച്ച് പ്രചരണം നടത്തുന്നതെന്നും അദ്ദേഹം ആരാഞ്ഞു.
എന്നാൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് ഈ നീക്കത്തെ എതിർക്കുകയാണ്.
ഉത്തരാഖണ്ഡിൽ ഉടൻ ഏക സിവിൽ കോഡ് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പ്രഖ്യാപിച്ചു. മണിക്കൂറുകൾക്ക് മുമ്പ് ഉത്തരാഖണ്ഡ് സർക്കാർ നിയോഗിച്ച സമിതി കരട് റിപ്പോർട്ട് തയ്യാറാക്കിയതായും പറഞ്ഞു.
Discussion about this post