ന്യൂഡൽഹി; ശിക്ഷ പൂർത്തിയാക്കിയ 254 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും നാല് സിവിലിയൻ തടവുകാരെയും മോചിപ്പിച്ച് നാട്ടിലേക്ക് അയയ്ക്കുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് പാകിസ്താനോട് ഇന്ത്യ. ഇതോടൊപ്പം സിവിലിയൻ തടവുകാരെയും ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകൾ സഹിതം മോചിപ്പിക്കാനും പാകിസ്താനോട് ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു.
പാകിസ്താന്റെ കസ്റ്റഡിയിലുള്ള ഇന്ത്യക്കാരെന്ന് കരുതുന്ന ബാക്കിയുള്ള 12 മത്സ്യത്തൊഴിലാളികൾക്കും 14 സിവിലിയൻ തടവുകാർക്കും ഉടൻ കോൺസുലർ പ്രവേശനം നൽകാൻ ഇസ്ലാമാബാദിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ഇന്ത്യൻ കസ്റ്റഡിയിലുള്ള പാകിസ്താൻ സ്വദേശികൾ എന്ന് കരുതപ്പെടുന്ന 343 സിവിലിയൻ തടവുകാരുടെയും 74 മത്സ്യത്തൊഴിലാളികളുടെയും പട്ടിക ഇന്ത്യയും പാകിസ്താന് നൽകിയിട്ടുണ്ട്.
2008-ലെ കരാർ പ്രകാരം എല്ലാ കലണ്ടർ വർഷവും ജനുവരി 1, ജൂലൈ 1 തീയതികളിൽ ഇരു രാജ്യങ്ങളും തമ്മിൽ സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക കൈമാറുന്ന അവസരത്തിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്. പാകിസ്താൻ തങ്ങളുടെ കസ്റ്റഡിയിലുള്ള ഇന്ത്യക്കാരെന്ന് കരുതപ്പെടുന്ന 42 സിവിലിയൻ തടവുകാരുടെയും 266 മത്സ്യത്തൊഴിലാളികളുടെയും പട്ടികയും പങ്കിട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Discussion about this post