ഇടുക്കി: കട്ടപ്പനയിൽ ചിരട്ടയിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. ഇരട്ടയാർ സ്വദേശി പ്രവീണിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് ചെടിയും കഞ്ചാവും പിടിച്ചെടുത്തു.
വിദ്യാർത്ഥികൾക്കുൾപ്പെടെ കഞ്ചാവ് വിൽപ്പന നടത്തുന്ന ആളാണ് പ്രവീൺ. അടുത്തിടെ ഇയാൾ വീട്ടിൽ കഞ്ചാവ് വളർത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ എത്തിയതായിരുന്നു പോലീസ്. അപ്പോഴാണ് ചിരട്ടയിൽ നട്ടുവളർത്തിയ കഞ്ചാവ് കണ്ടത്.
വിൽപ്പനയ്ക്ക് വേണ്ടി പൊതികളാക്കി ഒൻപത് ഗ്രാം ഉണക്ക കഞ്ചാവ് ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്നു. പരിശോധനയിൽ ചെടികൾക്കൊപ്പം ഇതാണ് കസ്റ്റഡിയിൽ എടുത്തത്. പ്രവീണിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. 2019 ലും 2022 ലും ഇയാളെ കഞ്ചാവ് വിറ്റതിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.








