തിരുവനന്തപുരം: പെരുന്നാൾ നമസ്കാര സമയത്ത് ഉച്ച ഭാഷിണി ഓഫ് ചെയ്ത് സൌകര്യമൊരുക്കിയ പഴവങ്ങാടി ഗണപതി ക്ഷേത്രം അധികൃതർക്ക് നന്ദി അറിയിക്കാൻ ചാല ജുമാ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രത്തിലെത്തി. പുറത്തേക്കുള്ള ഉച്ച ഭാഷിണി ഓഫ് ചെയ്താണ് ക്ഷേത്രം ഭാരവാഹികൾ ഈദ് ഗാഹിന് സൗകര്യമൊരുക്കി നൽകിയത്. ക്ഷേത്രത്തിലെത്തിയ ചീഫ് ഇമാം അബ്ദുൽ ഷക്കൂർ മൗലവിയെയും മറ്റു ഭാരവാഹികളെയും ക്ഷേത്ര മേൽശാന്തി ശങ്കരൻ നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. ‘മാനവികതയുടെ പ്രവാചകൻ’ എന്ന പുസ്തകം ഉപഹാരമായി നൽകിയാണ് മസ്ജിദ് ഭാരവാഹികൾ മടങ്ങിയത്.
പുത്തരിക്കണ്ടം നായനാർ പാർക്കിലാണ് ചാല ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ നൂറു കണക്കിനു പേർ പങ്കെടുത്ത ഈദ് ഗാഹ് നിസ്കാരം സംഘടിപ്പിച്ചത്. പുത്തരിക്കണ്ടം പാർക്കിന് എതിർ വശത്തുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്ന് ഈ സമയത്ത് ഉച്ചഭാഷിണി വഴി പ്രാർത്ഥന ഗീതങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു. ഉച്ചഭാഷിണി നമസ്കാരത്തിന് തടസ്സമാകുന്നുണ്ടെന്നും ശബ്ദം കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് ഈദ് ഗാഹ് സംഘാടകർ ക്ഷേത്രത്തിലെത്തി. ഇതോടെ ക്ഷേത്ര ഭാരവാഹികൾ ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കുകയും പുറത്തെ ഉച്ചഭാഷിണി ഓഫ് ചെയ്യുകയും ചെയ്തു.
ഓൾ ഇന്ത്യ മുസ്ലിം പെഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ചാല ജുമാ മസ്ജിദ് ചീഫ് ഇമാമും ആയ അബ്ദുൽ ഷക്കൂർ മൗലവി, ഓൾ ഇന്ത്യ മില്ലി കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ എം കെ നൗഫൽ, ചാല ജുമാ മസ്ജിദ് പ്രസിഡന്റ് മാഹീൻ എന്നിവരാണ് ക്ഷേത്രത്തിലെത്തിയത്












