മുംബൈ: മഹാരാഷ്ട്രയിൽ ഇപ്പോഴുള്ളത് ട്രിപ്പിൾ എൻജിൻ സർക്കാരാണെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. എൻസിപി വിട്ട് എൻഡിഎയിൽ ചേർന്ന അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും അടങ്ങുന്ന ശക്തമായ സർക്കാരാണ് മഹാരാഷ്ട്രയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ നമുക്ക് ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്. ഡബിൾ എൻജിൻ സർക്കാർ ഇന്നത്തോടെ ട്രിപ്പിൾ എൻജിൻ സർക്കാരായി മാറിയിരിക്കുന്നു. മഹാരാഷ്ട്രയുടെ വികസനത്തിനായി അജിത് പവാറിനെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ അനുഭവജ്ഞാനം മഹാരാഷ്ട്രയ്ക്ക് കരുത്ത് പകരുമെന്നും ഷിൻഡെ വ്യക്തമാക്കി.
സീറ്റുകൾ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭ മണിക്കൂറുകളോളം ചർച്ച നടത്തി. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുത്തത്. തങ്ങൾ എല്ലാവരും ലക്ഷ്യമിടുന്നത് മഹാരാഷ്ട്രയുടെ വികസനം മാത്രമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാലഞ്ച് സീറ്റുകൾ മാത്രമാണ് പ്രതിപക്ഷത്തിന് ലഭിച്ചത്. ഇക്കുറി അതുപോലും ഉണ്ടാകില്ലെന്നും ഷിൻഡെ പ്രതികരിച്ചു.
Discussion about this post