ലോർഡ്സ് : ഓസീസിനെ വിറപ്പിച്ച് തകർപ്പൻ ബാറ്റിംഗുമായി മുന്നേറിയ ബെൻസ്റ്റോക്സിന് ഒടുവിൽ പിഴച്ചു. ഹേസൽവുഡിന്റെ പന്ത് ബാക്ക് വേഡ് പോയിന്റിലേക്കുയർന്ന് കീപ്പർ അലക്സ് കാരിയുടെ കൈകളിൽ ഭദ്രമായി ഒതുങ്ങി. കളിയിലെ വഴിത്തിരിവ്. പിന്നീടെല്ലാം ഓസ്ട്രേലിയ വിചാരിച്ചതു പോലെ തന്നെ. ജോഷ് ടംഗിനെ ക്ലീൻ ബൗൾഡാക്കി സ്റ്റാർക്ക് ചടങ്ങ് പൂർത്തിയാക്കി. ഓസീസിന് രണ്ടാം വിജയം. പരമ്പരയിൽ 2-0 നു മുന്നിൽ.
ഒന്നാം ടെസ്റ്റു പോലെ ആവേശകരമായി മാറിയ രണ്ടാം ടെസ്റ്റിൽ സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിഞ്ഞതാണ് ഓസീസിനെ വിജയത്തിൽ എത്തിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 371 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 327 ന് ഓൾ ഔട്ടാവുകയായിരുന്നു. ഇംഗ്ലീഷ് നിരയിൽ 83 റൺസെടുത്ത ഓപ്പണർ ബെൻ ഡക്കറ്റും 155 റൺസെടുത്ത ബെൻ സ്റ്റോക്സും മാത്രമേ തിളങ്ങിയുള്ളൂ. ഒരു ഘട്ടത്തിൽ നാലിന് 45 റൺസ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ഡക്കറ്റും സ്റ്റോക്സും തമ്മിലുള്ള കൂട്ടുകെട്ടാണ് കരകയറ്റിയത്. സ്കോർ 177 ൽ എത്തിയപ്പോൾ ഹേസൽവുഡിന്റെ പന്തിൽ അലക്സ് കാരി പിടിച്ച് ഡക്കറ്റ് പുറത്തായി. സ്റ്റോക്സിനൊപ്പം ചേർന്ന ബെയർ സ്റ്റോ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും വിവാദപരമായ സ്റ്റമ്പിങ്ങിലൂടെ പുറത്തായി. 52 ഓവർ പൂർത്തിയായപ്പോൾ സ്റ്റോക്സിനോട് സംസാരിക്കാൻ ക്രീസ് വിട്ടിറങ്ങിയ ബെയർസ്റ്റോയെ കാരി പുറത്താക്കുകയായിരുന്നു.
കാമറൂൺ ഗ്രീനിനെ തുടർച്ചയായി മൂന്ന് സിക്സറടിച്ചാണ് സ്റ്റോക്സ് സെഞ്ച്വറി തികച്ചത്. മറുവശത്ത് ഉറച്ച് നിന്ന് പൊരുതിയ ബ്രോഡുമായി ചേർന്ന് സ്റ്റോക്സ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. സ്കോർ 301 ൽ നിൽക്കെയാണ് ഹേസൽവുഡ് സ്റ്റോക്സിനെ പുറത്താക്കി ഓസീസിന് ബ്രേക്ക് ത്രൂ നൽകിയത്. ഒലീ റോബിൻസണും ബ്രോഡും തൊട്ടുപിന്നാലെ പവലിയൻ കയറി. 19 റൺസെടുത്ത ജോഷ് ടംഗ് ക്ലീൻ ബൗൾഡായതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിച്ചു. ഹേസൽവുഡും കമ്മിൻസും സ്റ്റാർക്കും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. പരമ്പരയിൽ ഓസീസ് 2-0 നു മുന്നിലെത്തി.
സ്കോർ – ഓസ്ട്രേലിയ 416 & 279
ഇംഗ്ലണ്ട് – 325 & 327
Discussion about this post