കൊല്ലം: കടയ്ക്കലിൽ നീറ്റ് പരീക്ഷയിൽ കൃത്രിമം കാട്ടിയ ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ. മടത്തറ സ്വദേശി സെമിഖാനാണ് പിടിയിലായത്. ഡിവൈഎഫ്‌ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കൽ ഏരിയ കോർഡിനേറ്ററുമാണ് സെമിഖാൻ.
നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാട്ടി ഉപരിപഠനത്തിന് ശ്രമിച്ചെന്നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകന് എതിരായ പരാതി. 2021-22 വർഷത്തെ നീറ്റ് പരീക്ഷയിലാണ് ഇയാൾ കൃത്രിമം കാട്ടിയത്. പരീക്ഷയിൽ യോഗ്യത നേടാതിരുന്ന സെമിഖാൻ ഉയർന്ന മാർക്കും റാങ്കും നേടിയതായുള്ള രേഖകൾ ചമയ്ക്കുകയായിരുന്നു. ഇതിന് ശേഷം ഇയാൾ തുടർ പ്രവേശനത്തിനും ശ്രമിച്ചു.
പരീക്ഷയിൽ കേവലം 16 മാർക്ക് മാത്രമായിരുന്നു സെമിഖാന് ലഭിച്ചത്.
തുടർന്ന് യുവാവ് 468 മാർക്ക് വാങ്ങിയതായുള്ള രേഖയുണ്ടാക്കുകയായിരുന്നു. ഇതിന് ശേഷം തനിക്ക് പ്രവേശനം ലഭിക്കുന്നില്ലെന്ന് കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. ഇത് പരിഗണിച്ച കോടതി നാഷണൽ ടെസ്റ്റിങ് ഏജൻസി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും സംഭവത്തിൽ റൂറൽ എസ്.പി. നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്ത് ആയത്.
കോടതിയിൽ സമർപ്പിച്ച രേഖകൾ ഉൾപ്പെടെ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ സെമിഖാൻ വ്യാജ രേഖയുണ്ടാക്കിയതായി സമ്മതിച്ചു. ഇതേ തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ സെമിഖാനെ റിമാൻഡ് ചെയ്തു.
Discussion about this post