ലക്‌നൗ: ഉത്തർപ്രദേശിൽ ഭീകരവാദവുമായി ബന്ധപ്പെട്ട ആശയങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഗോണ്ട സ്വദേശി സദ്ദാം ഷെയ്ഖ്, ഉന്നാവോ സ്വദേശിയായ റിസ്വാൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഭീകര വിരുദ്ധ സ്‌ക്വാഡ് ആണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
സമൂഹ മാദ്ധ്യമം വഴിയാണ് ഇരുവരും ഭീകരതയുമായി ബന്ധപ്പെട്ട ആശയങ്ങൾ പ്രചരിപ്പിച്ചത്. സമുദായങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങളും ഇരുവരും പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇരുവരെയും നാളുകളായി ഭീകര വിരുദ്ധ സ്‌ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ്.
ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയിലെ ജീവനക്കാരനാണ് സദ്ദാം ഷെയ്ഖ്. ഇയാൾ ഭീകര സംഘടനകളുടെ ആശയങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പിന്തുടർന്നിരുന്നതായി ഭീകര വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. ആളുകൾക്കിടയിൽ ഭീകരവാദത്തോട് താത്പര്യം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് ഇയാൾ സമൂഹമാദ്ധ്യമങ്ങൾ വഴി ആശയങ്ങൾ പ്രചരിപ്പിച്ചത് എന്നും അന്വേഷണ സംഘം വ്യക്തമാക്കി. കശ്മീരിലെ ചില ഭീകരരുമായി ഇയാൾക്ക് ബന്ധമുള്ളതായും സൂചനയുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണം ആരംഭിച്ചു.
ഉന്നാവോയിലെ ഇറച്ചി സംസ്‌കരണ കേന്ദ്രത്തിലെ സെക്യൂരിറ്റിയാണ് റിസ്വാൻ ഖാൻ. ഇയാളും സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീകര സംഘടനകളുടെ ആശയങ്ങൾ പിന്തുടർന്നിരുന്നു. സംഭവത്തിൽ ഇരുവർക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post