ഇടുക്കി : പെൺസുഹൃത്തിനെ കുടുക്കാൻ ഹാന്റ് ബാഗിൽ ലഹരി ഒളിപ്പിച്ച ശേഷം എക്‌സൈസിൽ വിളിച്ച് അറിയിച്ച് യുവാവ്. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. പോലീസ് നടത്തിയ പരിശോധനയിൽ മേരികുളം സ്വദേശിയായ യുവതിയുടെ ബാഗിൽ നിന്ന് 300 മില്ലി ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നിൽ കാമുകനാണെന്ന് വ്യക്തമായത്. സംഭവത്തിൽ ഉപ്പുതറ കണ്ണംപടി സ്വദേശി ജയനെ അറസ്റ്റ് ചെയ്തു. പെൺസുഹൃത്തിനെ ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്ന് യുവാവ് എക്‌സൈസിന് മൊഴി നൽകി.
ഇരുവരുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇന്നലെ വൈകീട്ടോടെ കട്ടപ്പനയിലെ ലോഡ്ജിൽ മുറിയെടുത്തു. മുറിയിലെത്തിയ യുവതിയുടെ ബാഗിൽ ഇയാൾ എംഡിഎംഎ ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് ജയൻ എക്‌സൈസിനെ വിളിച്ച് വിവരം അറിയിച്ചു.
എക്‌സൈസ് സ്വകാര്യ ലോഡ്ജിൽ എത്തി നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. എന്നാൽ തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് വിശദമായ പരിശോധനയിലാണ് ലോഡ്ജിൽ മുറി ബുക്ക് ചെയ്ത ഫോൺ നമ്പറും യുവാവിന്റെ ഫോൺ നമ്പറും ഒന്നാണെന്ന് മനസിലായത്.
ജയനെ ചോദ്യം ചെയ്തതോടെ യുവതിയെ ബന്ധത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് താനത് ചെയ്തത് എന്ന് യുവാവ് പറഞ്ഞു.












