ആലപ്പുഴ : ചമ്പക്കുളം വളളംകളിക്കിടെ വള്ളം മുങ്ങി അപകടം. വനിതകൾ തുഴഞ്ഞ വള്ളമാണ് മുങ്ങിയത്. ആലപ്പുഴയിലെ ചമ്പക്കുളം പമ്പയാറ്റിലാണ് സംഭവം. നെടുമുടി, കമ്പക്കുളം ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളാണ് വള്ളങ്ങൾ തുഴഞ്ഞിരുന്നത്. കാട്ടില്‍തെക്കേതില്‍ വള്ളമാണ് മറിഞ്ഞത്.
പടിപ്പുരയ്ക്കൽ ക്ഷേത്രത്തിന് മുന്നിലുള്ള ഭാഗത്ത് വെച്ചാണ് വള്ളം മുങ്ങിയത്. 35 ഓളം സ്ത്രീകൾ വള്ളത്തിൽ ഉണ്ടായിരുന്നു. ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് വിവരം. വള്ളം മറിഞ്ഞ ഉടൻ തന്നെ സഹായത്തിനായി അടുത്തുളള വളളങ്ങൾ എത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പ്രദർശന മത്സരത്തിന് ശേഷം വന്ന വലിയ വള്ളങ്ങളുടെ ഓളത്തിൽ ഇത് മുങ്ങിപ്പോയതാകാം എന്നാണ് പ്രാഥമിക നിഗമനം. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിന് തൊട്ട് മുൻപാണ് വള്ളം മറിഞ്ഞത്.
കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തി രക്ഷപ്രവർത്തനം നടത്തുകയാണ്. അപകടത്തിൽപെട്ട വള്ളത്തിൽ ഉള്ളവരെ ബോട്ടുകളിൽ കരക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്.
6 ചുണ്ടൻ വള്ളങ്ങൾ, 3 വെപ്പ് എ ഗ്രേഡ് വള്ളങ്ങൾ, 2 എ ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങൾ, 2 വനിതകളുടെ തെക്കനോടി എന്നിവയുൾപ്പെടെ 13 വള്ളങ്ങളാണ് ഇത്തവണ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്.
Discussion about this post