ശ്രീനഗർ: ജമ്മു കശ്മീരിൽ ആയുധങ്ങളുമായി ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ. നൗപോര ജഗീർ ക്രീരി സ്വദേശി മുഹമ്മദ് സീദ്ദിഖ് ലോൺ ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
ഇന്നലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മേഖലയിൽ ഭീകരാക്രമണത്തിന് ശ്രമം നടത്തുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയപ്പോഴായിരുന്നു മുഹമ്മദ് സിദ്ദിഖ് പിടിയിലായത്. സുരക്ഷാ സേനയെ കണ്ട ഇയാൾ ആയുധങ്ങളുമായി പ്രദേശത്ത് നിന്നും കടന്നുകളയാൻ ശ്രമിച്ചു. എന്നാൽ അതി സാഹസികമായി പ്രതിയെ കീഴടക്കുകയായിരുന്നു.
പിസ്റ്റൽ, പിസ്റ്റൽ മാഗസിൻ, മൂന്ന് വെടിയുണ്ടകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ ചില നിർണായക രേഖകളും പിടിക്കപ്പെടുമ്പോൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. ആയുധങ്ങളും രേഖകളും വിശദമായി പരിശോധിച്ചുവരികയാണ്.
Discussion about this post