ബംഗളൂരു : സാധാരണയായി സ്വർണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമാണ് മോഷണം പോകാറുള്ളത്. ലക്ഷങ്ങൾ വിലവരുന്ന തടിയും മരവുമെല്ലാം മോഷ്ടിച്ച് കടത്തി നല്ല വിലയ്ക്ക് വിൽക്കുന്ന ”കാട്ടുകള്ളന്മാരുമുണ്ട്”. എന്നാൽ ഇപ്പോൾ ഒരു പച്ചക്കറി കള്ളന്റെ വാർത്തയാണ് കർണാടകയിൽ നിന്ന് പുറത്തുവരുന്നത്.
വില കുത്തനെ ഉയർന്നതോടെ ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന തക്കാളിയാണ് തോട്ടത്തിൽ നിന്ന് മോഷ്ടിച്ച് കടത്തിയത്. ബേലൂർ താലൂക്കിലെ സോമനഹള്ളിയിലെ തോട്ടത്തിൽ നിന്നാണ് തക്കാളി മോഷ്ടിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ബുധനാഴ്ച കിലോയ്ക്ക് 100 മുതൽ 120 വരെ രൂപയായിരുന്നു സംസ്ഥാനത്ത് തക്കാളിയുടെ വില.
രണ്ട് ദിവസത്തിൽ വിളവെടുപ്പ് നടത്താനിരുന്ന തക്കാളിയായിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ എത്തി നോക്കിയപ്പോഴാണ് തക്കാളി ചെടികൾ ഒടിഞ്ഞ് കിടക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തക്കാളി മോഷണം പോയതായി കണ്ടെത്തിയത്.
വിളഞ്ഞ തക്കാളികൾ തിരഞ്ഞുപിടിച്ചാണ് മോഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ തോട്ടത്തെ നന്നായി അറിയാവുന്നവരാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സമീപപ്രദേശങ്ങളിലെയും ടോൾബൂത്തുകളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്.
Discussion about this post