ചെന്നൈ : കോടതിക്ക് മുന്നിൽ വെച്ച് പ്രതിയെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ ചെങ്കൽ പേട്ടിലായിരുന്നു സംഭവം. ലോകേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ജാതരായ അക്രമികൾ യുവാവിനെ വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് അക്രമം നടന്നത്. 2015 ൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ വിചാരണയ്ക്ക് എത്തിയതായിരുന്നു ലോകേഷ്. വിചാരണയ്ക്ക് പിന്നാലെ സമീപത്തെ ജ്യൂസ് കടയിൽ നിൽക്കുമ്പോൾ അഞ്ചംഗ സംഘം ഇരുചക്രവാഹനങ്ങളിൽ വന്ന് ബോംബെറിയുകയായിരുന്നു. തുടർന്ന് ഇയാളെ വടിവാളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി.
സംഭവം അറിഞ്ഞ് പോലീസുകാർ ഓടിയെത്തിയെങ്കിലും അജ്ഞാത സംഘം അപ്പോഴേക്കും രക്ഷപ്പെടുകയായിരുന്നു. മുൻ വൈരാഗ്യമാണ് ലോകേഷിന്റെ കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
Discussion about this post