ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരവാദികളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടി ശക്തമാക്കണമെന്ന് കാനഡയോട് വീണ്ടും ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം. വിഘടനവാദം പ്രചരിപ്പിക്കാനും ഭീകരവാദത്തെ സാധൂകരിക്കാനും അഭിപ്രായ സ്വാതന്ത്ര്യം എന്ന് വാക്ക് ഉപയോഗിക്കുന്നത് അപഹാസ്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി. കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഖാലിസ്ഥാൻ ഭീകരർ ഇന്ത്യാ വിരുദ്ധ റാലികൾക്ക് ആഹ്വാനം നൽകിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം.
നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയ, കാനഡ, അമേരിക്ക, ബ്രിട്ടൺ എന്നിവിടങ്ങളിൽ ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുമായി മുന്നോട്ട് പോകുകയാണ്. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെയും ഇന്ത്യൻ പ്രതിനിധികൾക്കെതിരെയും പ്രചാരണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരായ വിദ്വേഷ പ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നു. കാനഡ ആസ്ഥാനമാക്കി ഖാലിസ്ഥാൻ ഭീകരർ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ അക്രമങ്ങൾക്ക് ന്യായീകരണം കണ്ടെത്തുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെയും പ്രതിനിധികളുടെയും സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ഈ സാഹചര്യത്തിൽ വിയന്ന കൺവെൻഷൻ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി വ്യക്തമാക്കി.
അതേസമയം, ഇന്ത്യയുടെ ആശങ്ക പരിഗണിക്കുന്നതായും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.
Discussion about this post