തിരുവനന്തപുരം : ജാതി അധിക്ഷേപ കേസിൽ രാഹുൽ ഗാന്ധി തിരിച്ചടി നേരിട്ടതിന് പിന്നാലെ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. അപകീർത്തി കേസിൽ രണ്ട് വർഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയതിന് പിന്നാലെയാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇക്കാര്യം അറിയിച്ചത്.
വിധിയിൽ അതിശയമൊന്നും ഇല്ലെന്നും ഇതെല്ലാം പ്രതീക്ഷിച്ചതാണെന്നും വേണുഗോപാൽ പറഞ്ഞു. ഗുജറാത്തിൽ നിന്ന് വർത്തമാനകാലത്ത് നീതി ലഭിക്കുമെന്ന് പറയുന്നത് നമുക്ക് ആർക്കും വിചാരിക്കാൻ കഴിയുന്ന കാര്യമല്ലെന്ന് അറിയാം. എന്നാൽ ഏതൊരു വിധിന്യായത്തിനും അയോഗ്യതയ്ക്കും തകർക്കാൻ കഴിയാത്ത മനസുള്ള നേതാവാണ് രാഹുൽ ഗാന്ധി. ഇനി സുപ്രീം കോടതി എന്ന വഴി മുന്നിലുണ്ടെന്നും ആ വഴി കൂടി കോൺഗ്രസ് തേടുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജിയാണ് ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി ഉചിതമാണെന്നും രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നയാളാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 10 കേസുകൾ രാഹുൽ ഗാന്ധിയുടെ പേരിലുണ്ടെന്ന് കോടതി എടുത്തുപറഞ്ഞു. ജസ്റ്റിസ് ഹേമന്ദ്ര പ്രച്ഛകിൻറെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.
രാഹുലിന്റെ ജാതി അധിക്ഷേപത്തിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായി പൂർണേഷ് മോദിയാണ് കേസ് നൽകിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വർഷം തടവ് വിധിച്ചതോടെ രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയായിരുന്നു.
Discussion about this post