വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും ചേതേശ്വർ പൂജാരയെ ഒഴിവാക്കിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ ആ അവഗണനയ്ക്ക് ഒരു മധുര പ്രതികാരവുമായി വീണ്ടും വാർത്തകളിൽ നിറയുകയാണ് ചേതേശ്വർ പൂജാര. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദുലീപ് ട്രോഫി മത്സരത്തിൽ സെൻട്രൽ സോണിനെതിരെയുള്ള മത്സരത്തിൽ വെസ്റ്റ് സോണിനായി സെഞ്ച്വറി നേടിക്കൊണ്ടാണ് പൂജാര തന്റെ കരിയറിലെ അഭിമാന നേട്ടം കൈവരിച്ചത്.
ഇതോടെ 60 ഫസ്റ്റ് ക്ലാസ് സെഞ്ചുറികൾ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററായി ചേതേശ്വർ പൂജാര മാറി. ഇപ്പോൾ ഇതിഹാസ താരം വിജയ് ഹസാരെയ്‌ക്കൊപ്പമാണ് അദ്ദേഹം. 81 സെഞ്ചുറികളുമായി സുനിൽ ഗവാസ്‌കറും സച്ചിൻ ടെണ്ടുൽക്കറും ഈ പട്ടികയിൽ ഒന്നാം സ്ഥാനം പങ്കിടുന്നു. നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ആണ് 68 സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്തുള്ളത്. 2010 ൽ അരങ്ങേറ്റം കുറിച്ച ശേഷം ഇന്ത്യക്കായി 103 ടെസ്റ്റുകളിൽ കളിച്ചിട്ടുള്ള വലംകൈയ്യൻ ബാറ്റ്സ്മാൻ ആണ് ചേതേശ്വർ പൂജാര.
Discussion about this post