ഭുവനേശ്വർ: വിവാഹ വാഗ്ദാനം നൽകി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഒഡീഷ ഹൈക്കോടതി. ഭുവനേശ്വർ സ്വദേശിയായ യുവാവിന് മേൽ പീഡനക്കേസ് ചുമത്തിയത് റദ്ദാക്കിയാണ് ഒഡീഷ ഹൈക്കോടതി ഉത്തരവ്. നല്ല ബന്ധത്തിലായിരുന്ന സമയം വിവാഹവാഗ്ദാനം നൽകുന്നതും വിവാഹം കഴിക്കാമെന്ന് തെറ്റായ വാഗ്ദാനം നൽകി കബളിപ്പിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
യുവാവിന്റെ സുഹൃത്തും അഞ്ച് വർഷമായി ഭർത്താവിൽ നിന്ന് അകന്ന് കഴിയുകയുമായിരുന്ന യുവതിയാണ് ബലാത്സംഗ കേസ് നൽകിയത്. എന്നാൽ ക്രിമിനൽ ശിക്ഷാ നിയമത്തിലെ 376 വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം ഇവിടെ ഉണ്ടായിട്ടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പക്ഷെ വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ നിയമനടപടി തുടരാം എന്ന് കോടതി വ്യക്തമാക്കി.
രണ്ട് വ്യക്തികൾ തമ്മിൽ വിവാഹവാഗ്ദാനത്തിന്റെ പുറത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് മറ്റ് പല കാരണങ്ങളാൽ വിവാഹം നടക്കാതിരിക്കുകയും ചെയ്താൽ അതിനെ ബലാത്സംഗമായി കണക്കാക്കാൻ സാധിക്കില്ലെന്ന് നേരത്തെ സുപ്രീം കോടതിയുടെ വിധിയിൽ പറയുന്നു. തുടക്കത്തിൽ സൗഹൃദത്തോടെ ആരംഭിക്കുകയും ആത്മാർത്ഥമായി മുന്നോട്ട് പോകുകയും ചെയ്ത ബന്ധത്തിൽ, അവിശ്വാസം ഉണ്ടായാൽ പുരുഷ പങ്കാളിയ്ക്ക് മേൽ ഒരിക്കലും ബലാത്സംഗ കുറ്റം ആരോപിക്കരുതെന്ന് കേസുമായി ബന്ധപ്പെട്ട് വിധിയിൽ പറയുന്നു.









