ലക്‌നൗ: ക്ഷേത്രത്തിന് സമീപത്ത് നിന്നും മാംസം കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി പോലീസ്. സംഭവത്തിൽ പോലീസ് കേസ് എടുത്തു. അന്വേഷണത്തിനായി മൂന്നംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ഷാജഹാൻപൂരിലെ കോട്ട്‌വാലി പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. ഇവിടുത്തെ പോലീസ് ചെക്‌പോസ്റ്റിന് സമീപത്തുളള ക്ഷേത്രത്തിന്റെ പരിസരത്ത് ആണ് മാംസം കണ്ടെത്തിയത്. ക്ഷേത്രത്തിലേക്ക് എത്തിയ വിശ്വാസികളാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു.
സംസ്‌കരിക്കാനായി വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ വീണതാകാമെന്നാണ് പോലീസിന്റെ സംശയം. മനപ്പൂർവ്വം വർഗ്ഗീയ ലഹള സൃഷ്ടിക്കാനായി ഇറച്ചി കൊണ്ടിട്ടതാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
അതേസമയം ക്ഷേത്ര പരിസരത്തെ ചെക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ നീക്കി. കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നീക്കിയത്.










