കാസർകോട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസുകാരൻ മരിച്ചു. തൃശ്ശൂർ സ്വദേശികളായ ബലേഷിന്റെയും അശ്വതിയുടെയും മകൻ ശ്രീബാലു എന്ന കുട്ടുവാണ് മരിച്ചത്.
ദിവസങ്ങൾക്ക് മുൻപായിരുന്നു കുട്ടിയ്ക്ക് പനി ബാധിച്ചത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഭേദമില്ലാതെ തുടരുകയായിരുന്നു. ഇതേ തുടർന്ന് രണ്ട് ദിവസം മുൻപ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ആയിരുന്നു കുട്ടിയെ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിൽ ശ്വാസകോശത്തിൽ അണുബാധ ഉള്ളതായി കണ്ടെത്തി. പിന്നാലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.
പടന്നക്കാട് നമ്പ്യാർക്കാൽ അണക്കെട്ടിന് സമീപമാണ് ഇവരുടെ താമസം. കുട്ടിയുടെ മൃതദേഹം തൃശ്ശൂരിലേക്ക് കൊണ്ടുപോയി.












