ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനക്ക് കരുത്തേകാൻ 26 റഫാൽ മറൈൻ പോർവിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്നും എത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട പുതിയ കരാർ ഒപ്പിട്ടേക്കും. കൂടാതെ, മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മൂന്ന് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും ഇന്ത്യയിൽ നിർമ്മിക്കാൻ ധാരണയായേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജൂലൈ 13,14 തീയതികളിലായാണ് പ്രധാനമന്ത്രിയുടെ പാരീസ് സന്ദർശനം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കൂടുതൽ സൈനിക ഉപകരണങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിന് ഫ്രാൻസ് നേരത്തേ തന്നെ പിന്തുണ അറിയിച്ചിട്ടുണ്ട്. ചൈനയുടെ ഭീഷണി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സമുദ്രാതിർത്തികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി പ്രധാനമന്ത്രി ചർച്ച ചെയ്യും.
ഐ എൻ എസ് വിക്രാന്തിന് വേണ്ടി 26 റഫാൽ മറൈൻ പോർവിമാനങ്ങൾ വാങ്ങുന്നതും അന്തർവാഹിനികൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സൈന്യം ഔദ്യോഗികമായി ഉടൻ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗിന് സമർപ്പിക്കും എന്നാണ് വിവരം.
റഫാൽ മറൈൻ പോർവിമാനങ്ങളുടെ വിലയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമമായി തീരുമാനിക്കുക. പോർവിമാനങ്ങൾ ഇന്ത്യയിൽ എത്തിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ നാവിക സേന പൈലറ്റുമാർക്ക് ഫ്രാൻസിൽ പരിശീലനം നൽകും.








