ഗാന്ധിനഗർ : ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നാലുവർഷം മുമ്പാണ് എസ് ജയശങ്കർ ഗുജറാത്തിൽ നിന്നും ആദ്യം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഈ വർഷം ജൂലൈ 24 നാണ് വോട്ടെടുപ്പ്. ജൂലൈ 13 വരെ നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 17 ആണ്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബിജെപി ഗുജറാത്ത് ഘടകം പ്രസിഡന്റ് സി.ആർ. പാട്ടീൽ എന്നിവർക്കൊപ്പമെത്തിയാണ് എസ് ജയശങ്കർ റിട്ടേണിംഗ് ഓഫീസർ റീത്ത മേത്തയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഗുജറാത്തിൽ നിന്നുള്ള 11 രാജ്യസഭാ സീറ്റുകളിൽ 8 എണ്ണവും ബിജെപിക്കാണ്. ഈ സീറ്റുകളിൽ എസ്. ജയശങ്കർ, ജുഗൽജി താക്കൂർ, ദിനേഷ് അവവാദിയ എന്നിവരുടെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കുന്നതാണ്. നിയമസഭയിൽ വേണ്ടത്ര എംഎൽഎമാർ ഇല്ലാത്തതിനാൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തില്ലെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിൽ 156 സീറ്റുകൾ നേടികൊണ്ടുള്ള വലിയ വിജയമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ചത്.
Discussion about this post