ഹംമ്പി: ഇന്ത്യയിൽ നിന്നും യു എസിലേക്ക് കടത്തിയ പുരാവസ്തുക്കൾ ഉടൻ തിരികെയെത്തിക്കും. പലപ്പോഴായി രാജ്യത്തിൽ നിന്നും കള്ളക്കടത്തുകാർ കടത്തിയ 150 പുരാവസ്തുക്കളാണ് ആറ് മാസത്തിനുള്ളിൽ തിരികെ എത്തിക്കുക.കേന്ദ്ര സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഗോവിന്ദ് മോഹനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
കർണാടകയിലെ ഹംമ്പിയിൽ ഇന്നലെ ആരംഭിച്ച മൂന്നാമത്തെ ജി 20 കൾച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലായിരുന്നു പ്രഖ്യാപനം. ഇന്ത്യയും യുഎസും തമ്മിലുള്ള സാംസ്‌കാരിക സ്വത്ത് ഉടമ്പടിയിൽ യുഎസ് അധികാരികളുമായി കൂടിയാലോചന നടത്തും. തുടർന്ന് കള്ളക്കടത്തുക്കാരിൽ നിന്നും പിടികൂടിയ പുരാവസ്തുക്കൾ ഇന്ത്യയിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
അമേരിക്കൻ സ്റ്റേറ്റ് വിസിറ്റിനിടെ പുരാവസ്തുക്കൾ തിരികെ ഇന്ത്യയിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടപടികൾ വേഗത്തിലാക്കാമെന്ന ഉറപ്പും അന്ന് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആറുമാസത്തിനുള്ളിൽ യുസിൽ നിന്ന് 150 ഓളം പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് സെക്രട്ടറി വ്യക്തമാക്കിയത്. ഇതിന് മുൻപ് 2022 ൽ 307 പുരാവസ്തുക്കൾ അമേരിക്ക ഇന്ത്യയ്ക്ക് മടക്കി നൽകിയിരുന്നു.
അതേസമയം, ജി 20യിൽ അംഗങ്ങളായ രാജ്യങ്ങളിൽ നിന്നുള്ള 50 പ്രതിനിധികളും അതിഥി രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമാണ് ഇത്തവണ മൂന്നാമത്തെ ജി 20 കൾച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇന്നലെ ആരംഭിച്ച യോഗം ജൂലൈ 12 ന് അവസാനിക്കും.









