കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സമസ്ത യുവജന വിഭാഗമായ എസ്.വൈ എസ് നടത്താനിരുന്ന സിമ്പോസിയം മാറ്റി വച്ചു, സിപിഎം സമസ്തയെ ക്ഷണിച്ച സെമിനാർ നടത്തുന്ന ജൂലൈ 15 ന് തന്നെയായിരുന്നു സിമ്പോസിയം നടത്താൻ എസ്.വൈ.എസ് തീരുമാനിച്ചത്. എന്നാൽ ഇത് മാറ്റിവയ്ക്കാനാണ് സമസ്ത ആവശ്യപ്പെട്ടിരിക്കുന്നത്.പ്രധാനമന്ത്രിയെക്കണ്ട് നിവേദനം നൽകിയ ശേഷം മാത്രമേ ഇനി വിഷയത്തിൽ പൊതുപരിപാടികൾ വേണ്ടതുള്ളൂ എന്നാണ് സമസ്തയുടെ നിർദേശം.
അതേസമയം കോഴിക്കോട്ട് നടക്കുന്ന സി.പി.എം സെമിനാറിൽ സമസ്ത പങ്കെടുക്കുന്നുമുണ്ട്. സമസ്തയുടെ മുതിർന്ന നേതാവ് അടക്കം സംഘാടനസമിതിയിലുണ്ട്. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറയെ സിപിഎം സംഘാടക സമിതി വൈസ് ചെയർമാനാക്കി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്ക്കും കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സിപി മുസാഫിർ അഹമ്മദിനും ഒപ്പമാണ് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയെ നേതൃത്വം പരിഗണിച്ചത്.
വളരെ തന്ത്രപരമായ നിലപാടാണ് സമസ്ത നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. സിപിഎമ്മിനെ പിണക്കാനോ മുസ്ലിം ലീഗിനെ അകറ്റാനോ സമസ്ത ഉദ്ദേശിക്കുന്നില്ല. ഏക സിവിൽ കോഡ് മാത്രമാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ സമാന മനസ്‌കരുമായി സഹകരിച്ചു മുന്നോട്ട് പോകും
Discussion about this post