2075 ഓടെ അമേരിക്കയെയും മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പുതിയ റിപ്പോർട്ട്. ലോകത്തിലെതന്നെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയ്‌ക്ക് മാറാനാകുമെന്നും അതിലൂടെ ജിഡിപിയിൽ വർധനവ് ഉണ്ടാകുമെന്നും ഗോൾഡ്മാൻ സാക്‌സ് റിപ്പോർട്ടിൽ പറയുന്നത്. ന്യൂയോർക്ക് ആസ്ഥാനമായ അമേരിക്കൻ ബഹുരാഷ്‌ട്ര ഇൻവെസ്റ്റ്മെന്റ് ബാങ്കും ധനകാര്യ സേവന ദാതാവുമാണ് ഗോൾഡ്മാൻ സാക്സ്.
ജനസംഖ്യവർധനവ്, സാങ്കേതിക വിദ്യയുടെ വേഗത എന്നിവയുടെ അടിസ്ഥാനതിൽ രാജ്യം വലിയ നേട്ടം കൈവരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞു അതിന്റെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണെന്ന് സാക്സ് കുട്ടിച്ചേർത്തു.
സേവന മേഖല വളരുന്നതോടൊപ്പം കഴിവുള്ള വ്യക്തികളുടെ എണ്ണം, ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യാ അനുപാതം തുടങ്ങിയവ കാരണം ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ഗോൾഡ്മാൻ സാക്സ് പറയുന്നു.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയും കുട്ടികളുടെയും പ്രായമായവരുടെയും എണ്ണവും തമ്മിലുള്ള ഏറ്റവും മികച്ച അനുപാതമാണ് ഇന്ത്യയിലെ ജനസംഖ്യയെന്ന് ഗോൾഡ്മാൻ സാക്സ് കുട്ടിച്ചേർത്തു . അതിന്റെ ഭാഗമായി തൊഴിലാളികൾക്ക് കൂടുതൽ പരിശീലനവും നൈപുണ്യവും നൽകുകയും ചെയ്യുന്നുവെന്ന് ഗോൾഡ്മാൻ സാക്സിന്റെ റിസേർച്ച് ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ സന്തനു സെൻഗുപ്ത വ്യക്തമാക്കുന്നു.
ഉൽപ്പാദന ശേഷി സജ്ജീകരിക്കുക, സേവനങ്ങൾ തുടരുക, അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ച തുടരുക തുടങ്ങിയ കാര്യങ്ങൾ ഇന്ത്യയ്ക്ക് നിലവിലെ സാഹചര്യത്തിൽ സാധ്യമാണെന്ന് സാക്സ് പറയുന്നു.








