കൊൽക്കത്ത: അക്രമം നടത്തുന്നവരെ മാത്രമല്ല, അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ കൺട്രോൾ റൂമുകളേയും നിലയ്ക്ക് നിർത്താൻ അറിയാമെന്ന് ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ്. വോട്ടെടുപ്പിനിടെ വ്യാപക അക്രമം നടന്ന സൗത്ത് 24 പർഗനാസ് ജില്ല സന്ദർശിച്ച് മടങ്ങവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിനെ ചോരയിൽ മുക്കിക്കൊണ്ടിരിക്കുന്ന തരം രാഷ്ട്രീയത്തെ സംസ്ഥാനത്തെ അനുവദിക്കില്ല. അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഗുണ്ടകൾക്കും നിയമലംഘകർക്കുമെതിരെ ശക്തമായി തന്നെ പോരാടും.
രാജ്ഭവനിൽ ഇരുന്നു കൊണ്ടല്ല, അക്രമികളുടെ താവളങ്ങളിൽ കടന്ന് ചെന്ന് അതിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കും. ഇത് സന്ധിയില്ലാത്ത സമരമാണ്. വരും തലമുറയ്ക്ക് വേണ്ടി സമാധാനപരവും സുരക്ഷിതവുമായ ഒരു ബംഗാളിനെ കൈമാറുക എന്നതാണ് ലക്ഷ്യം. ഗുണ്ടകളെ മാത്രമല്ല, അവരുടെ കൺട്രോൾ റൂമുകളേയും പൂട്ടും. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് അക്രമികളെ നിയന്ത്രിക്കുന്ന മേലാളന്മാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post