അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സ് 2075 ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രവചിച്ചിരിക്കുന്നു. നിലവില്‍ ലോകത്തിലെ അഞ്ചമത്തെ വലിയ സാമ്പത്തികശക്തിയായ ഇന്ത്യ ജപ്പാനെയും ജര്‍മ്മനിയെയും മാത്രമല്ല അമേരിക്കയെയും പിന്തള്ളി രണ്ടാംസ്ഥാനത്ത് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നത്. ജനസംഖ്യ, സാങ്കേതിക രംഗത്തും കണ്ടുപിടിത്തങ്ങളിലുമുള്ള മുന്നേറ്റം എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് ശക്തി പകരുക. ഗോള്‍ഡ്മാന്‍ സാക്‌സിന്റെ ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധനായ ശന്തനു സെന്‍ഗുപ്ത ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
റിപ്പോര്‍ട്ടില്‍ പറയുന്ന, ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയ്ക്ക് വേഗത പകരുന്ന പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ജനസംഖ്യ
1.4 ശതകോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ജനസംഖ്യയിലെ അനുകൂല സ്ഥിതിക്കൊപ്പം തൊഴില്‍ശേഷിയുടെ ഫലപ്രദമായ വിനിയോഗവും കൂടിയാകുമ്പോള്‍ സാമ്പത്തികമായി കുതിക്കാനുള്ള അതുല്യാവസരമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. ഈ അവസരം വിദഗ്ധമായി ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യ തൊഴിലാളി പങ്കാളിത്തം (ലേബര്‍ ഫോഴ്‌സ് പാര്‍ട്ടിസിപ്പേഷന്‍) മെച്ചപ്പെടുത്തുന്നതിലും തൊഴില്‍ ചെയ്യുന്നതിന് പ്രാപ്തരായവര്‍ക്കുള്ള പരിശീലന, വൈദഗ്ധ്യ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിലും പ്രാധാന്യം നല്‍കണമെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
തൊഴില്‍ ചെയ്യുന്നവരുടെ ജനസംഖ്യയും ആശ്രിതരുടെ എണ്ണവും തമ്മിലുള്ള അനുപാതം അടക്കം ജനസംഖ്യയില്‍ വളരെ അനുകൂലമായ സ്ഥിതിവിശേഷമാണ് ഇന്ത്യയിലുള്ളത്. നിര്‍മ്മാണ ശേഷി വളര്‍ത്തിയെടുക്കുന്നതിലും സേവന മേഖലയെ വളര്‍ത്തുന്നതിലും അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ജനസംഖ്യയിലെ ഈ അനുകൂല കാലാവസ്ഥ രാജ്യത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയും.
സാങ്കേതികരംഗത്തെ മുന്നേറ്റങ്ങള്‍
ജനസംഖ്യാപരമായ നേട്ടങ്ങള്‍ക്കൊപ്പം സാങ്കേതികരംഗത്തെ മുന്നേറ്റങ്ങളും ഇന്ത്യയ്ക്ക് വലിയ രീതിയിലുള്ള സാമ്പത്തിക വളര്‍ച്ച നേടിക്കൊടുക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കണ്ടുപിടിത്തങ്ങളിലും സാങ്കേതികരംഗത്തും ഇന്ത്യ കൈവരിച്ച പുരോഗതി പലപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യാറ്. സാമ്പത്തിക വളര്‍ച്ചയില്‍ ജനസംഖ്യ ഒരു പ്രധാന ഘടകമായി മാറുന്നതിനൊപ്പം രാജ്യത്തെ കണ്ടുപിടിത്തങ്ങളും തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമതയിലുള്ള വര്‍ദ്ധനവും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ വളരെ നിര്‍ണ്ണായകമായി മാറും. സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുന്നതിന് ഇന്ത്യ, ഓരോ തൊഴില്‍ മേഖലയിലും പരമാവധി ഉല്‍പ്പാദനം നേടുന്നതിലും സമ്പദ് വ്യവസ്ഥയ്ക്ക് ഉള്ളില്‍ നിന്നുള്ള മൂലധനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
ഇന്ത്യയുടെ ഭാവി വളര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രധാനം മൂലധന നിക്ഷേപമാണ്. ആശ്രിത അനുപാതം കുറയുമ്പോള്‍, നീക്കിയിരിപ്പ് നിരക്ക് ഉയരാനിടയുണ്ട്. ഇത് നിക്ഷേപത്തിന് കൂടുതല്‍ മൂലധനം ലഭ്യമാകുന്ന സ്ഥിതി ഉണ്ടാക്കും. നിക്ഷേപം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് പറയുമ്പോഴും സ്വകാര്യ മൂലധന ചിലവിടലിന് അനുകൂലമായ സാഹചര്യം രാജ്യത്ത് വേണമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. സ്വകാര്യ കോര്‍പ്പറേഷനുകളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനം പരിഗണിക്കുമ്പോള്‍ സ്വകാര്യ മേഖലയുടെ മൂലധന നിക്ഷേപം രാജ്യത്തിന് വളരെ ഗുണകരമാകും.
ഗ്രീന്‍ എനര്‍ജി
ഇലക്ട്രിക് വാഹനങ്ങളുടെയും ഗ്രീന്‍ ഹൈഡ്രജന്റെയും ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സജീവമായി രംഗത്തുണ്ട്. 2030ഓടെ 500 ജിഗാവാട്ട് സംശുദ്ധ ഊര്‍ജ്ജ ശേഷി കൈവരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. 207ഓടെ നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രീന്‍ എനര്‍ജിയിലേക്കുള്ള ചുവടുമാറ്റം ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Discussion about this post