തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോട്ടയം സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ സാന്നിധ്യത്തിൽ തന്നെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ആഗോള അയ്യപ്പ സംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് പാർട്ടിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയായെന്ന് യോഗം വിലയിരുത്തി.
ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദത്തേക്കാൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയത് ബിജെപി നേതാക്കളുമായുള്ള അടുപ്പമാണെന്ന വികാരമാണ് യോഗത്തിൽ ഉയർന്നത്. അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യനാഥിന്റെ കത്ത് പ്രാധാന്യത്തോടെ വായിച്ചത് സിപിഎം – ബിജെപി അന്തർധാര എന്ന പ്രതിപക്ഷ പ്രചാരണത്തിന് ശക്തി പകർന്നു.
യോഗി നേരിട്ടെത്തി പ്രസംഗിച്ചിരുന്നെങ്കിൽ പോലും ഇത്രയും തിരിച്ചടിയുണ്ടാകില്ലായിരുന്നു. ഒരു സംസ്ഥാന അതിഥിയായി മുഖ്യമന്ത്രി എത്തുന്നതിനപ്പുറം ഇതിന് പ്രാധാന്യം ഉണ്ടാകുമായിരുന്നില്ല. എന്നാൽ ചടങ്ങിൽ യോഗിയുടെ കത്ത് വായിച്ചതിലൂടെ വലതുപക്ഷ രാഷ്ട്രീയത്തിന് കീഴടങ്ങുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്,” എന്ന് യോഗത്തിൽ വിമർശനം ഉയർന്നു. ദേവസ്വം മന്ത്രി വി.എൻ. വാസവൻ പങ്കെടുത്ത ചടങ്ങിലുണ്ടായ ഈ സംഭവം ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിന് ബിജെപിയെ സഹായിച്ചുവെന്നും സിപിഎം വിലയിരുത്തുന്നു.
ലോക്കൽ, ഏരിയ സെക്രട്ടറിമാർ മത്സരിക്കേണ്ട എന്ന പാർട്ടി തീരുമാനം പലയിടത്തും ലംഘിക്കപ്പെട്ടു. നേതാക്കൾക്ക് പാർലമെന്ററി വ്യാമോഹം വർധിച്ചത് താഴെത്തട്ടിലെ പ്രവർത്തനങ്ങളെ ബാധിച്ചു.പാർട്ടി ചിഹ്നം ഉപേക്ഷിച്ച് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാനുള്ള നീക്കം തിരിച്ചടിയായി. ഇങ്ങനെ മത്സരിച്ച ഭൂരിഭാഗം പേരും പരാജയപ്പെട്ടു. ഇത്തരത്തിൽ മത്സരിച്ച പാർട്ടി അംഗങ്ങളോട് വിശദീകരണം തേടാൻ തീരുമാനിച്ചു.ബ്ലോക്ക് പഞ്ചായത്തുകൾക്ക് വേണ്ടത്ര പ്രാധാന്യം നൽകാത്തതാണ് പലയിടത്തും ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടപ്പെടുകയുണ്ടായി.
ഭരണം നഷ്ടമായ പഞ്ചായത്തുകളിലെ പ്രശ്നങ്ങളെക്കുറിച്ച് താഴെത്തട്ടിൽ വിശദമായ പഠനം നടത്തും. ജില്ലാ കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. തുടർന്ന് നടക്കുന്ന വിശദമായ ചർച്ചകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുക്കും. ഭരണവിരുദ്ധ വികാരത്തോടൊപ്പം വലതുപക്ഷ രാഷ്ട്രീയത്തിന് ഇടം നൽകുന്ന തരത്തിലുള്ള നേതാക്കളുടെ സമീപനവും വരും ദിവസങ്ങളിൽ പാർട്ടിക്ക് ഉള്ളിൽ വലിയ ചർച്ചകൾക്ക് വഴി വെക്കും.













Discussion about this post