ധാക്ക രാഷ്ട്രീയ അസ്ഥിരത തുടരുന്ന ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവിലായി ഒരു ഹിന്ദു യുവാവിനെ പ്രകോപിതരായ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവം അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. അക്രമത്തിന് പിന്നിൽ കൊള്ളയടിക്കാനുള്ള ശ്രമമായിരുന്നുവെന്ന് പ്രാദേശിക പോലീസ് അവകാശപ്പെടുമ്പോഴും, ഇത് ആസൂത്രിതമായ വംശീയ ആക്രമണമാണെന്ന ആരോപണം ശക്തമാണ്.
ഒരു സംഘം ആളുകൾ കൊള്ളയടിക്കാനുള്ള ശ്രമം തടഞ്ഞതിനെത്തുടർന്നാണ് ആക്രമണം ഉണ്ടായതെന്നും തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടെന്നുമാണ് പോലീസ് പറയുന്നത്. എന്നാൽ, ബംഗ്ലാദേശിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഹിന്ദു സമൂഹത്തെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പോലീസിന്റെ ഈ വിശദീകരണം മുഖവിലയ്‌ക്കെടുക്കാൻ മനുഷ്യാവകാശ പ്രവർത്തകർ തയ്യാറായിട്ടില്ല. ശൈഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം രാജ്യത്ത് ക്രമസമാധാനം പൂർണ്ണമായും തകർന്നിരിക്കുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ബംഗ്ലാദേശിലെ ഇസ്‌ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പുകൾ ഹിന്ദുക്കളെ വംശഹത്യ നടത്താൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, ഇന്ത്യയുടെ അയൽരാജ്യത്ത് ഹിന്ദുക്കൾ സുരക്ഷിതരല്ലെന്നത് ഗൗരവകരമായ വിഷയമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.













Discussion about this post