ന്യൂഡൽഹി : മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇപ്പോൾ കനത്ത മഴ പെയ്തു കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ 153 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 1982 ന് ശേഷം ജൂലൈയിലെ ഒരു ദിവസത്തിലെ ഏറ്റവും ഉയർന്ന മഴയാണിതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനിടെ, ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രണ്ട് കാലാവസ്ഥാ ഘടകങ്ങളുടെ പ്രതിപ്രവർത്തനത്തിന്റെ ഫലമായുണ്ടാകുന്ന അപൂർവ പ്രതിഭാസമാണ് ഉത്തരേന്ത്യയിലെ ഈ കനത്ത മഴയ്ക്ക് കാരണം എന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഇൻസാറ്റ് പകർത്തിയ സാറ്റലൈറ്റ് ചിത്രങ്ങൾ 2013-ലെ ‘ഹിമാലയൻ സുനാമി’ കാലത്ത് കേദാർനാഥിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായ സാഹചര്യവുമായി സാമ്യമുള്ളതാണ്. ഈ മേഖലയിലെ നൂറുകണക്കിന് മരണങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾക്കും ഇത് കാരണമായിരുന്നു.
ഹിമാചൽ പ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നത് ഹിമാചൽ പ്രദേശിന് മുകളിൽ പടിഞ്ഞാറൻ മൺസൂൺ കാറ്റിന്റെ പ്രതിപ്രവർത്തനം മൂലമാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സ്ഥിരീകരിച്ചു. വടക്കുകിഴക്കൻ രാജസ്ഥാനിലും സമീപ പ്രദേശങ്ങളിലും ഒരു ന്യൂനമർദ്ദം ഉണ്ടെന്നാണ് ഐഎംഡിയുടെ ഏറ്റവും പുതിയ വിലയിരുത്തൽ. ഈ പ്രതിപ്രവർത്തനം അടുത്ത 24 മുതൽ 36 മണിക്കൂർ വരെ നിലനിൽക്കുമെന്ന് കരുതപ്പെടുന്നു. ഇത് വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയ്ക്ക് കാരണമാകുമെന്നാണ് ഐഎംഡി അപ്‌ഡേറ്റ് പറയുന്നത്.
Discussion about this post