ലക്‌നൗ: ഏറ്റവും സുരക്ഷിതമായ നഗരങ്ങളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ് അധികം വൈകാതെ മാറുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളും സുരക്ഷിത നഗരങ്ങളായി വികസിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലൂടെ അത് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ 18 മുനിസിപ്പിൽ കോർപ്പറേഷനുകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 57 ജില്ലാ ആസ്ഥാനങ്ങളിലെ മുനിസിപ്പാലിറ്റികളേയും മൂന്നാം ഘട്ടത്തിൽ 143 മുനിസിപ്പാലിറ്റികളേയും സേഫ് സിറ്റി പദ്ധതിയുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ പദ്ധതി നടപ്പാക്കുന്ന എല്ലാ നഗരങ്ങളുടേയും പ്രവേശന കവാടത്തിൽ ‘സേഫ് സിറ്റി’ എന്ന സൈൻബോർഡ് സ്ഥാപിക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ സുരക്ഷിത നഗരങ്ങളുള്ള ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ് മാറുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. പ്രായമായവർ, കുട്ടികൾ, വികലാംഗർ എന്നിവരുടെ സുരക്ഷയും പദ്ധതിയിൽ ഉൾപ്പെടുത്തും. സംസ്ഥാനത്ത് എല്ലാ സ്ത്രീകളും സുരക്ഷിതരായിരിക്കണം. ജനങ്ങൾക്ക് സുരക്ഷിതത്വ ബോധവുമുണ്ട്. ഈ വിശ്വാസം അവരിൽ ഊട്ടി ഉറപ്പിക്കണമെങ്കിൽ 24*7 എന്ന രീതിയിൽ ജാഗ്രത പാലിക്കണം. ഇതിനായി സേഫ് സിറ്റി പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post