തിരുവനന്തപുരം : ഏക സിവിൽ കോഡ് സംബന്ധിച്ച് സിപിഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് സിപിഐ. ഇടത് മുന്നണി എന്ന രീതിയിലാണ് പരിപാടി നടത്തേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ സെമിനാർ പാർട്ടി പരിപാടിയായി സിപിഎം ചുരുക്കിയിരിക്കുകയാണെന്ന് സിപിഐ അറിയിച്ചു. എൽഡിഎഫിനെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളിൽ പോലും കൂടിയാലോചന നടക്കുന്നില്ലെന്നും വിമർശനമുണ്ട്.
സെമിനാറിന്റെ സംഘാടകസമിതിയിൽ സിപിഐയുടെ ജില്ലാനേതാക്കൾ ഭാരവാഹികളാണ്. ജില്ലാനേതാക്കൾക്ക് സെമിനാറുമായി സഹകരിച്ച് പ്രവർത്തിക്കാമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്.
ഈ മാസം 14 മുതൽ സിപിഐയുടെ ദേശീയ കൗൺസിൽ യോഗം നടക്കുമ്പോൾ 15-ന് കോഴിക്കോട് സിപിഎം സെമിനാർ സംഘടിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്ത മുതിർന്നനേതാക്കളെ ആരെയെങ്കിലും സെമിനാറിൽ പങ്കെടുപ്പിക്കാൻ സിപിഎം സമ്മർദം ചെലുത്തുന്നുണ്ട്.












