ശ്രീഹരിക്കോട്ട: ചാന്ദ്രയാൻ മൂന്ന് വാനിലേക്ക് കുതിച്ച് ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 2.35നാണ് കൗണ്ട്ഡൗൺ തുടങ്ങുക.
നാളെ ഉച്ചയ്ക്ക് 2.35 നാണ് ചാന്ദ്രയാൻ മൂന്ന് വിക്ഷേപിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ഇതിന് മുന്നോടിയായുള്ള 24 മണിക്കൂർ ട്രയൽ റൺ കഴിഞ്ഞ ദിവസം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ചാന്ദ്രയാൻ മൂന്നുമായി എൽവിഎം ത്രീ റോക്കറ്റ് ആണ് കുതിച്ചുയരുക.
ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ആണ് എൽവിഎം ത്രീ. വിക്ഷേപണം നടത്തി 16 മനിറ്റും 15 സെക്കൻഡും കൊണ്ട് ചാന്ദ്രയാനുമായി പേടകം ഭ്രമണപഥത്തിൽ എത്തും. ഓഗസ്റ്റ് 23 നാകും സോഫ്റ്റ് ലാൻഡിംഗ്.
2019 ൽ ചാന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം പരാജയമായിരുന്നു. ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ വിക്രം ലാൻഡറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തകരുകയായിരുന്നു. ചാന്ദ്രയാൻ രണ്ടിന് ഉണ്ടായിരുന്ന കുറവുകൾ എല്ലാം പരിഹരിച്ചുകൊണ്ടാണ് ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയാൽ ബഹിരാകാശ മേഖലയിൽ ഇന്ത്യ സ്വന്തമാക്കുന്ന നിർണായക നേട്ടമായിരിക്കും ഇത്.









