ഒന്നുമില്ലായ്മയിൽ നിന്ന് ആരംഭിച്ച് ശതകോടീശ്വരനിലേക്ക് എത്തുക… പലപ്പോഴും സിനിമയിൽ മാത്രം കണ്ടിട്ടുളള ഒരു കാഴ്ചയായിരിക്കും ഇത്. എന്നാൽ റിതേഷ് അഗർവാൾ
എന്ന ചെറുപ്പക്കാരൻ പത്ത് വർഷം കൊണ്ട് കെട്ടിപ്പടുത്ത സാമ്രാജ്യം ഇന്ന് ലോകമെമ്പാടും വ്യാപിച്ച് കിടക്കുകയാണ്. ഒന്നുമില്ലായ്മയിൽ നിന്ന് ഒറ്റയ്ക്ക് സമ്പാദിച്ച് മുന്നേറിയ ലോകത്തെ ഏറ്റവും സമ്പന്നരായ ചെറുപ്പക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഓയോ ഹോട്ടൽ സ്ഥാപകൻ കൂടിയായ റിതേഷ് അഗർവാൾ.
ആരും ചിന്തിക്കുക പോലും ചെയ്യാത്ത കാലത്താണ് ഓയോ ഹോട്ടൽ എന്ന ആശയം റിതേഷിന്റെ മനസിലുദിച്ചത്. എല്ലാവരും എതിർത്തെങ്കിലും റിതേഷ് സ്വന്തം സ്വപ്‌നങ്ങൾക്ക് പിന്നാലെ സഞ്ചരിച്ചു. 2013 ലാണ് അദ്ദേഹം ഓയോ ഹോട്ടൽ ആരംഭിച്ചത്. ഇന്ന്, പത്ത് വർഷത്തിന് ശേഷം കമ്പനിയുടെ മൂല്യം 82,307 കോടിയാണ്. രണ്ടു ബില്യൻ ഡോളർ(ഏകദേശം 16,462 കോടി രൂപ) ആണ് റിതേഷിന്റെ ആകെ ആസ്തി. അടുത്തിടെ ചൈനയിലെ രണ്ടാമത്തെ വലിയ ശൃംഖലയെ മറികടന്ന ഓയോ , 2023-ഓടെ ലോകമെമ്പാടുമുള്ള എല്ലാ ഹോട്ടൽ ശൃംഖലകളെയും മറികടക്കാനുള്ള കുതിപ്പിലാണ്.
ഒഡീഷയിലെ റായ്ഗഡ് സ്വദേശിയായ റിതേഷ് പതിമൂന്നാം വയസിൽ സിം കാർഡുകൾ വിറ്റാണ് ബിസിനസ് ജീവിതം ആരംഭിച്ചത്. രാജസ്ഥാനിലെ കോട്ടയിലുള്ള സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയതിന് ശേഷം വിദ്യാഭ്യാസം തുടരുന്നതിനായി റിതേഷ് ഡൽഹിയിലേക്ക് താമസം മാറ്റി. മകൻ ഒരു എൻജിനീയർ ആകണമെന്നാണ് റിതേഷിന്റെ അച്ഛനും അമ്മയും ആഗ്രഹിച്ചത്. ഇതിനായി ഐഐടി-ജെഇഇ എൻട്രൻസ് എക്‌സാമുകളെല്ലാം എഴുതിയെങ്കിലും എൻജിനീയറിംഗ് പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് റിതേഷ് സ്വപ്‌നങ്ങളെ പിന്തുടരാൻ തീരുമാനിച്ചു.
2013-ൽ പീറ്റർ തീൽ ആരംഭിച്ച ഒരു സംരംഭമായ തീൽ ഫെല്ലോഷിപ്പിന് 19 കാരനായ റിതേഷിനെ തിരഞ്ഞെടുത്തു. ആശയങ്ങൾ നടപ്പിലാക്കുന്നതിനായി അവർ ആ 19 കാരന് ഒരു ലക്ഷം ഡോളർ ഗ്രാന്റ് നൽകി. ഇത് ഉപയോഗിച്ച് 2012 സെപ്തംബറിൽ റിതേഷ് ഓറവൽ സ്റ്റേയ്‌സ് ആരംഭിച്ചു. കുറഞ്ഞ ചെലവിൽ താമസസൗകര്യം ലഭ്യമാക്കുന്ന ഒരു വെബ്‌സൈറ്റ് ആയിരുന്നു അത്. ഹോസ്പിറ്റാലിറ്റി മേഖലയെ ഉയർത്തിക്കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ആദ്യപടിയായിരുന്നു അത്.
2013 മെയ് മാസത്തിലാണ് ഓയോ റൂംസ് ആരംഭിച്ചത്. ഇന്ത്യയിലുടനീളം നിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ താമസസൗകര്യം പ്രദാനം ചെയ്യുന്ന ഈ ഹോട്ടൽ ശൃംഖല, അധികം താമസിയാതെ വൻ ജനപ്രീതി നേടി. അഗർവാളിന്റെ പ്രതിബദ്ധത കാരണം 2018 സെപ്റ്റംബറോടെ കമ്പനി 8,000 കോടി രൂപ ലാഭം നേടി. ഓയോ റൂംസ് ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായി മാറി. ഇത് കമ്പനിയെ 154 സ്ഥലങ്ങളിൽ സാന്നിധ്യമറിയിക്കാൻ സഹായിച്ചു.
ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി മലേഷ്യയിലാണ് ഓയോ റൂംസ് ആരംഭിച്ചത്.
അടുത്ത വർഷം നേപ്പാളിൽ ഒരു ഓഫീസ് തുറന്നതോടെ ദക്ഷിണേഷ്യയിൽ കമ്പനി കൂടുതൽ നിലയുറപ്പിച്ചു. 2018-ൽ യുകെ, യുഎഇ, ദുബായ്, ചൈന, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ കമ്പനി പ്രവർത്തനം ആരംഭിച്ചു, ഇത് യൂണികോൺ പദവിയിലേക്ക് ഉയർത്തി. 2019 ഓടെ, ഓയോ റൂംസിന് ലോകമെമ്പാടുമുള്ള 500 സ്ഥലങ്ങളിലായി 330,000-ലധികം മുറികളായി.
ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലകളിലൊന്നായ ഓയോ ഇന്ന് ആഗോളതലത്തിൽ വികസിക്കുകയാണ്. ട്രാവൽ, ഹോസ്പിറ്റാലിറ്റി എന്നീ മേഖലയിൽ ഒയോയ്ക്ക് വളർച്ച നേടാനായത് റിതേഷ് അഗർവാൾ എന്ന വ്യക്തിയുടെ കാഴ്ചപ്പാടും അശ്രാന്ത പരിശ്രമവും കൊണ്ട് മാത്രമാണ്.
Discussion about this post