ചന്ദ്രയാൻ-2 ദൗത്യത്തിൽ സുപ്രധാന പങ്ക് വഹിച്ച രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നതായി നമുക്കറിയാം. പ്രോജക്ട് ഡയറക്ടർ എം.വനിതയും മിഷൻ ഡയറക്ടർ ഋതു കരിദാൽ ശ്രീവാസ്തവയും. എന്നാൽ ചന്ദ്രയാൻ -3 ഏറെക്കുറെ ഒരു പുരുഷ കേന്ദ്രീകൃത ദൗത്യമാണ് എന്ന് പറയാം. മിഷൻ ഡയറക്ടർ മോഹൻകുമാറും വെഹിക്കിൾ/റോക്കറ്റ് ഡയറക്ടർ ബിജു സി.തോമസും സ്പേസ് ക്രാഫ്റ്റ് ഡയറക്ടർ ഡോ.പി.വീരമുത്തുവേലുമാണ് ചന്ദ്രയാൻ -3 ദൗത്യത്തിന്റെ സുപ്രധാന പങ്ക് വഹിക്കുന്നത്. റോക്കറ്റ് തുറമുഖത്തെ ഉദ്യോഗസ്ഥയും റോക്കറ്റ് വിക്ഷേപണ സമയത്ത് കമന്റേറ്ററുമായ പി.മാധുരി മാത്രമാണ് ജനങ്ങൾ കാണുന്ന ചന്ദ്രയാൻ -3 ദൗത്യത്തിലെ ഏക ഐഎസ്ആർഒ വനിത.
എന്നാൽ ചന്ദ്രയാൻ -3 ദൗത്യത്തിന്റെ സാങ്കേതിക രംഗത്ത് നിരവധി വനിതകളാണ് പ്രവർത്തിക്കുന്നത്. ജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിൽ കൂടി ഈ ചാന്ദ്രദൗത്യത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന വനിതാരത്നങ്ങൾ തന്നെയാണ് ഇവരെല്ലാം. ചന്ദ്രയാൻ -3 ദൗത്യത്തിൽ നേരിട്ട് പ്രവർത്തിച്ച എഞ്ചിനീയർമാരിലും ശാസ്ത്രജ്ഞരിലും ആയി 54 വനിതകൾ ആണുള്ളത് . അവർ വിവിധ കേന്ദ്രങ്ങളിൽ വിവിധ സിസ്റ്റങ്ങളുടെ അസോസിയേറ്റ്, ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർമാരും പ്രോജക്ട് മാനേജർമാരും ഒക്കെയാണ്.
ചന്ദ്രയാൻ -2, ചന്ദ്രയാൻ -3 ദൗത്യങ്ങളിലുള്ള പൊതുവായ കാര്യം ചന്ദ്രന്റെ മണ്ണിൽ ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗും റോവർ ചില രാസ പരീക്ഷണങ്ങൾ നടത്തുന്നതുമാണ്. എങ്കിലും ഈ രണ്ട് ദൗത്യങ്ങളിലും ലാൻഡർ സ്പെസിഫിക്കേഷനുകളിലും പേലോഡ് പരീക്ഷണങ്ങളിലും വ്യത്യാസങ്ങളുണ്ട്. ഒരു ലാൻഡറും റോവറും ഉൾക്കൊള്ളുന്ന ചന്ദ്രയാൻ-3 പേടകവും വഹിച്ച് ഇന്ത്യൻ റോക്കറ്റ് എൽവിഎം3 ശ്രീഹരിക്കോട്ട റോക്കറ്റ് തുറമുഖത്ത് നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35ന് വിക്ഷേപിക്കപ്പെടും.
Discussion about this post