മുംബൈ: ചന്ദ്രയാൻ 3 വിക്ഷേപണത്തിന് നിമിഷങ്ങൾ മാത്രം അവശേഷിക്കെ, ഇന്ത്യയുടെ അഭിമാന ദൗത്യത്തിന് ആശംസകൾ നേർന്ന് ബോളിവുഡ് താരങ്ങൾ. അക്ഷയ് കുമാർ, അനുപം ഖേർ, സുനിൽ ഷെട്ടി എന്നിവരാണ് ചന്ദ്രയാൻ ദൗത്യത്തിന് ആശംസകൾ നേർന്ന് രംഗത്ത് വന്നത്.
നമ്മുടെ ത്രിവർണ പതാക കൂടുതൽ ഉയരത്തിൽ പാറിപ്പറക്കട്ടെ എന്നാണ് അനുപം ഖേർ ട്വീറ്റ് ചെയ്തത്. ചന്ദ്രയാൻ-3 പേടകത്തിന്റെ ചിത്രവും അദ്ദേഹം ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
ചന്ദ്രയാൻ-2 ദൗത്യത്തിനോട് അനുബന്ധിച്ച് ട്വിറ്ററിൽ പങ്കുവെച്ച് കുറിപ്പ് അനുസ്മരിച്ചു കൊണ്ടാണ് അക്ഷയ് കുമാർ ചന്ദ്രയാൻ-3ന് ആശംസകൾ അറിയിച്ചത്. ‘ചന്ദ്രയാൻ-2 ചന്ദ്രയാൻ-3ന് വഴി മാറുന്നു. നമ്മൾ വീണ്ടും കുതിപ്പിന്റെ പാതയിലേക്ക്. ഐ എസ് ആർ ഒയ്ക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു. ജനകോടികളുടെ പ്രാർത്ഥനകൾ നിങ്ങൾക്ക് ഒപ്പമുണ്ട്‘. അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.
‘യാത്ര സുഗമമാകട്ടെ, കണ്ടെത്തലുകൾ അതുല്യമാകട്ടെ, വിജയം ജ്യോതിശാസ്ത്രത്തിന് മുതൽക്കൂട്ടാകട്ടെ‘ എന്ന് സുനിൽ ഷെട്ടി ആശംസിച്ചു.
Discussion about this post