ലഖ്‌നൗ : 18 ‘സുരക്ഷിത നഗരങ്ങൾ’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തർപ്രദേശ് മാറുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഉത്തർപ്രദേശിലെ 17 മുനിസിപ്പൽ കോർപ്പറേഷനുകളും ഗൗതം ബുദ്ധ് നഗറും ‘സുരക്ഷിത നഗരങ്ങളായി’ വികസിപ്പിക്കുന്ന നടപടികൾ പൂർത്തിയാകും. വിവിധ വകുപ്പുകളുടെ ആഭ്യന്തര ഏകോപനത്തിലൂടെയാണ് ഇതിനുള്ള ധനകാര്യം കൈകാര്യം ചെയ്യുന്നതെന്നും ലഖ്‌നൗവിൽ നടന്ന അവലോകന യോഗത്തിൽ യോഗി ആദിത്യനാഥ് പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ 57 ജില്ലാ ആസ്ഥാനങ്ങളിലെ മുനിസിപ്പാലിറ്റികളെയും മൂന്നാം ഘട്ടത്തിൽ 143 മുനിസിപ്പാലിറ്റികളെയും സേഫ് സിറ്റി പദ്ധതിയുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരം എല്ലാ നഗരങ്ങളുടെയും പ്രവേശന കവാടത്തിൽ ‘സേഫ് സിറ്റി’ എന്ന സൈൻബോർഡ് സ്ഥാപിക്കുകയും ചെയ്യും. ഇതുവഴി രാജ്യത്ത് ഏറ്റവും കൂടുതൽ സുരക്ഷിത നഗരങ്ങളുള്ള ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഗരങ്ങളുടെ സുരക്ഷയിൽ സ്ത്രീ സുരക്ഷയ്‌ക്കൊപ്പം പ്രായമായവർ, കുട്ടികൾ, ദിവ്യാംഗർ എന്നിവരുടെ സുരക്ഷയും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ നടപ്പിലാക്കുന്ന സേഫ് സിറ്റി പദ്ധതിയുടെ വിപുലീകരണത്തിനുള്ള കർമപദ്ധതി അവലോകനം ചെയ്യുന്നതിനിടെയാണ് എല്ലാ നഗരങ്ങളുടെയും വികസനം സംബന്ധിച്ച നിർദേശങ്ങൾ മുഖ്യമന്ത്രി നൽകിയത്. സംസ്ഥാനത്തെ ഓരോ പൗരന്റെയും സുരക്ഷയ്ക്കും വികസനത്തിനും അനുയോജ്യമായ അന്തരീക്ഷം ഒരുക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആറ് വർഷമായി ഈ ദിശയിൽ നടത്തിയ ശ്രമങ്ങൾ പ്രതീക്ഷ നൽകുന്ന ഫലങ്ങളാണ് നൽകിയതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post